
94-ാമത് ഒസ്കാറിൽ ഇന്ത്യൻ പ്രതീക്ഷയായ റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല(Oscars 2022). ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.
റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.
മികച്ച തിരക്കഥ 'ബെല്‍ഫാസ്റ്റ്', അവലംബിത തിരക്കഥ 'കോഡ'യ്ക്ക്
സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ നേടിയ ചിത്രമായി.ഒരു ബധിര കുടുംബത്തിലെ കേൾവിയുള്ള ഏക അംഗമാണ് ഈ കുട്ടി. അവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം കെന്നത്ത് ബ്രാനാഗ് സംവിധാനം ചെയ്ത 'ബെൽഫെസ്റ്റ്' സ്വന്തമാക്കി. 1960-കളുടെ അവസാനത്തിൽ വടക്കൻ അയർലൻഡ് തലസ്ഥാനത്ത് നടന്ന ലഹളയ്ക്കിടെ ഒരു തൊഴിലാളിവർഗ കുടുംബത്തിന്റെയും അവരുടെ ഇളയ മകന്റെ ബാല്യകാലത്തിന്റെയും ജീവിതത്തെ വിവരിക്കുന്ന ആത്മകഥാംശമുള്ള സിനിമയാണിത്. 'ക്രുവെല' എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ജെന്നി ബീവൻ മികച്ച കോസ്റ്യൂം ഡിസൈനിനുള്ള അവാർഡിനർഹമായി.
അതേസമയം, മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സർ സ്വന്തമാക്കി.'കോഡ'യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അർഹനായത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. 'എൻകാന്റോ' ആണ് മികച്ച അനിമേഷൻ ചിത്രം. ജാരെഡ് ബുഷും ബൈറോൺ ഹോവാർഡും ചേർന്നാണ് സംവിധാനം. എൻകാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
മികച്ച അനിമേഷൻ ഷോർട് ഫിലിം ആയി ആൽബർട്ടോ മിയേൽഗോ, ലിയോ സാൻഷെ എന്നിവരുടെ 'ദി വിൻഡ്ഷീൽഡ് വൈപ്പർ' തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്' ലഭിച്ചു. ഓസ്കർ നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ നിൽക്കുന്ന ചിത്രം നിലവിൽ ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ