'അണ്ണാത്തെ' തിയറ്ററുകളില്‍ തന്നെ; റിലീസ് തീയതിയില്‍ മാറ്റമില്ല

By Web TeamFirst Published Jul 1, 2021, 7:52 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം

രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ ചിത്രം എത്തുമെന്നും തിയറ്ററുകളില്‍ തന്നെയാവും റിലീസ് ചെയ്യുകയെന്നും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി. ദീപാവലി റിലീസ് ആയിരിക്കും ചിത്രം.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായ സമയത്തായിരുന്നു കൊവിഡിന്‍റെ വരവ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ അവശേഷിക്കുന്ന ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍ ഏപ്രിലില്‍ തുടര്‍ച്ചയായ 35 ദിവസത്തെ ഷെഡ്യൂളില്‍ രജനീകാന്ത് തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

click me!