അബിയുടെ ഓര്‍മ്മദിവസം; അബിക്ക് ഒരു തുറന്നകത്തുമായി പഴയ സഹപ്രവര്‍ത്തകന്‍

By Web TeamFirst Published Nov 30, 2019, 12:53 PM IST
Highlights

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥകൃത്തായ സുനീഷ്. നിരവധി സ്റ്റേജ് ഷോകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ച വ്യക്തിയാണ്.

വംബര്‍ 30 നടനും മിമിക്രി കലാകാരനുമായ അബിയുടെ ഓര്‍മ്മ ദിവസമാണ്. 2017 നവംബര്‍ 30നാണ് അബി അന്തരിച്ചത്. ഇപ്പോള്‍ വീണ്ടും അബിയുടെ ഓര്‍മ്മ ദിവസം എത്തുമ്പോള്‍ കലാലോകത്ത് വാര്‍ത്തയാകുന്നത് അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്‍റെതാണ് പേരാണ്. സിനിമ രംഗത്തെ വിലക്കും, അത് സംബന്ധിച്ച വിവാദങ്ങളും നിറയുമ്പോള്‍. വ്യത്യസ്തമായി അബിയെ ഓര്‍ക്കുകയാണ് തിരക്കഥകൃത്ത് സുനീഷ് വരനാട് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഷെയ്ന്‍റെ പിതാവ് അബിക്ക് ഒരു കത്ത് എന്ന പോലെയാണ് സുനീഷിന്‍റെ പോസ്റ്റ്.

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥകൃത്തായ സുനീഷ്. നിരവധി സ്റ്റേജ് ഷോകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ച വ്യക്തിയാണ്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

പ്രിയപ്പെട്ട അബിക്കക്ക്,
ഇന്ന് ഇക്കായുടെ ഓർമ്മദിവസമാണ്..ഇക്കായുടെ ഓർമ്മകളിൽ നിന്ന് സങ്കടമുള്ള ഒരു കാര്യം പറയട്ടെ! നമ്മുടെ ചാനുവിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ കാര്യം അറിഞ്ഞു കാണുമല്ലോ. പെരുമാറ്റ ദൂഷ്യവും സെറ്റിലെ മോശം ഇടപെടലും അപക്വമായ സോഷ്യൽ മീഡിയ പ്രതികരണങ്ങളും അതിലെ അഹങ്കാര ധ്വനിയുമൊക്കെയാണ് കുറ്റങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.

പലപ്പോഴും മലയാള സിനിമയുടെ അഭിനയവഴിയിൽ ഇക്കയ്ക്ക് ചെയ്യാൻ കഴിയാതെ പോയത് അവനിലൂടെ സംഭവിക്കപ്പെടും എന്ന് ചാനുവിന്റെ സിനിമകളിലെ പ്രകടനം കാണുമ്പോഴും, സിനിമയോട് അവൻ കാണിക്കുന്ന ആത്മാർത്ഥത കാണുമ്പോഴും തോന്നിട്ടുണ്ട്, അതിൽ ആഹ്ലാദവും അതിലേറെ അഭിമാനവും തോന്നിയിട്ടുണ്ട്.

ചാനുവിന് തെറ്റുകൾ ഉണ്ടായിട്ടില്ല എന്ന് ഇക്കയെ സ്നേഹിക്കുന്ന ഞങ്ങളാരും പറയില്ല. ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്നുമില്ല. എന്നാലും അവന്റെയീ ചെറിയ പ്രായത്തിൽ സംഭവിക്കാവുന്ന തെറ്റുകളേ അവൻ ചെയ്തിട്ടുള്ളു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ക്ഷമിക്കാനും സഹകരിക്കാനും കഴിയുന്ന തെറ്റുകളേയുള്ളൂ എല്ലാം..പരസ്പരമുണ്ടായ ഈഗോ പ്രശ്നങ്ങളെ വലിയ പ്രശ്നങ്ങളായി പർവതീകരിക്കുമ്പോൾ വഷളായതാണ് ഇവയെല്ലാം എന്നാണ് ഇവിടെ നിന്ന് നോക്കുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത്. അമൃതയിലെ ഡാൻസ് റിയാലിറ്റിഷോ സമയത്തെ ചാനുവിന്റെ പ്രതികരണങ്ങൾ ഒക്കെ അബീക്ക ഓർക്കുന്നില്ലേ? അന്നു മുതൽക്കേ ശരിയെന്ന് തോന്നുന്ന സ്വന്തം നിലപാടുകൾ അവൻ ഉറക്കെ പറഞ്ഞിട്ടില്ലേ? അതുപോലെയൊക്കെ തന്നെയായിരിക്കണം ഇതും...

പിന്നെ ലഹരി ഉപയോഗത്തിന്റെ കാര്യം...പോലീസും, എക്സൈസും ശക്തമായ നടപടികൾ എടുക്കട്ടെ.... തെറ്റായ വഴിക്ക് നടത്താനും, തെറ്റ് ഉപദേശിക്കാനും ഒരുപാട് പേരുള്ള കാലമാണല്ലോ ഇത്..എന്തായാലും അവൻ പറയുന്നതെല്ലാം കഞ്ചാവടിച്ച് പറയുന്നതാണ് എന്ന് അടച്ച് അഭിപ്രായപ്പെടുന്നവരുണ്ട്. ചില സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് കഞ്ചാവടിച്ച് പറയുന്നതാണെന്ന് പറഞ്ഞ് ആരോപണ വിധേയരാകുന്നവർക്ക് രക്ഷപ്പെടാമല്ലോ? എന്തായാലും മന്ത്രിതലത്തിലേക്ക് വരെ ഈ വിഷയം എത്തിക്കഴിഞ്ഞു. ഒരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ, ദേശീയ അവാർഡ് ജേതാക്കളായ അജിത് കുമാറിന്റെയും ഷാജി എൻ കരുണിന്റേയും ഒക്കെ സിനിമകളിൽ അഭിനയിച്ചപ്പോൾ അവർക്കുണ്ടാകാതിരുന്ന പ്രശ്നം എങ്ങനെയാണ് ഈ ഒന്നോ രണ്ടോ പ്രൊഡ്യൂസഴ്സിന് ഉണ്ടാകുന്നത്? അപ്പോൾ അവരുടെ ഭാഗത്തും എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ന്യായമായും സംശയിക്കാം. ഇക്കാ ..അതും നമ്മൾ കണക്കിലെടുക്കണം. മാത്രമല്ല, വെയിലിലും, കുർബാനിയിലുമായി പരസ്പര ബന്ധമില്ലാത്ത രണ്ട് കഥാപാത്രങ്ങളുടെ എട്ട് കാലഘട്ടണ്ടളിലെ പല ഗെറ്റപ്പിലുള്ള കഥാപാത്രങ്ങളെ കഴിഞ്ഞ ദിവസണ്ടളിലായി ചാനു അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഉറക്കമില്ലാതെ നിമിഷാർദ്ധങ്ങളിൽ കഥാപാത്രങ്ങൾ മാറ്റി അഭിനയിക്കുമ്പോഴുള്ള മാനസിക സമ്മർദ്ദവും നമ്മൾ കണക്കിലെടുക്കണം ഇക്കാ ...

ഇക്ക വിഷമിക്കരുത്..ഒരുപാട് കഴിവുള്ള, ഇനിയും വളരാൻ ഏറെയുള്ള, മലയാളികൾ സ്റ്റേഹിച്ച് തുടങ്ങിയ കലാകാരനാണ് ഇക്കാ നമ്മുടെ ചാനു. എന്തായാലും അവൻ ഒറ്റക്കല്ല, അഭിനേതാക്കളുടെ സംഘടന അമ്മ ഉൾപ്പെടെ ഒരുപാട് പേരുടെ പിന്തുണ അവന്റെ കൂടെയുണ്ട്. ഈ പ്രശ്നങ്ങളൊക്കെ തരണം ചെയ്ത് അവൻ തിരികെ വരും..വലിയ പെരുന്നാൾ സൂപ്പർഹിറ്റാകും:.വെയിലിലും, കുർബാനിയിലും ചാനു അഭിനയിക്കും,

എന്നിട്ട് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ, സ്വപ്നം കണ്ടപോലെ ഒരാളായി അവൻ മാറും..അതു കണ്ട് ഇക്കായുടെ മനസ്സ് നിറയും..പടച്ചോൻ ചാനുവിനെ അനുഗ്രഹിക്കട്ടെ!
എന്ന്
ഇക്കയുടെ കൂടെ ഒരു പാട് കാലം മിമിക്രി അവതരിപ്പിച്ച,ഇക്കയെ ജ്യേഷ്ഠതുല്യനായി കണക്കാക്കുന്ന
സ്വന്തം
സുനീഷ് വാരനാട്
 

click me!