പതിവു തെറ്റിക്കാതെ രജനികാന്ത് ഹിമാലയത്തില്‍, ആരാധകര്‍ ആഘോഷമാക്കി സ്റ്റൈല്‍ മന്നന്റെയും സുഹൃത്തിന്റെയും ഫോട്ടോ

By Web TeamFirst Published Oct 18, 2019, 6:40 PM IST
Highlights

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഹിമാലയൻ തീര്‍ഥാടനത്തില്‍.

ഓരോ സിനിമ പൂര്‍ത്തിയായാലും ഹിമാലയൻ തീര്‍ഥാടനം നടത്തുന്ന പതിവുണ്ട് സ്റ്റൈല്‍ മന്നൻ രജനികാന്തിന്. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ കഴിഞ്ഞയുടൻ തന്നെ രജനികാന്ത് ഹിമാലയ തീര്‍ഥാടനത്തിന് തിരിച്ചിരുന്നു. രജനികാന്തിന്റെ ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സുഹൃത്ത് ഹരിക്കൊപ്പം ഹിമാലയത്തില്‍ ബാബാജി ഗുഹയില്‍ ചെന്നതാണ് സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഹിമാലയ സാനുക്കളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന മഹാവതാര്‍ ബാബാജിയുടെ അനുയായി ആണ് രജനികാന്ത്. പലപ്പോഴായി രജനികാന്ത് അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സുഹൃത്ത് ഹരിക്കൊപ്പം ഹിമാലയ തീര്‍ഥാടനം നടത്തുന്ന രജനികാന്തിന്റെ ഫോട്ടോ ആഘോഷമാക്കുകയാണ് ആരാധകര്‍. മകള്‍ ഐശ്വര്യയും രജനികാന്തിനൊപ്പം ഹിമാലയ തീര്‍ഥാടനത്തിനുണ്ട്. അതേസമയം ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്നായിരിക്കും രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര് എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ദര്‍ബാറിന് ശേഷം, ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!