'നല്ല കുട്ടിയായി ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കൂ, എങ്കില്‍ നിന്നെ പിന്തുണയ്ക്കും': നിലപാട് മയപ്പെടുത്തി മേജര്‍ രവി

By Web TeamFirst Published Oct 18, 2019, 3:43 PM IST
Highlights

നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടതോടെ നിര്‍മാതാവിന്റെ ഭാഗവും സത്യവും മനസിലാക്കിയെന്നും ഷെയ്ന്‍ വാക്കിനോട് നീതി പുലര്‍ത്തണമെന്നും മേജര്‍ രവി 

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലെ വിവാദത്തില്‍ ഷെയ്‌ന് നല്‍കിയ നിരുപാധിക പിന്തുണയില്‍ നിലപാട് മയപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി. നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടതോടെ നിര്‍മാതാവിന്റെ ഭാഗവും സത്യവും മനസിലാക്കിയെന്നും ഷെയ്ന്‍ വാക്കിനോട് നീതി പുലര്‍ത്തണമെന്നും മേജര്‍ രവി പറഞ്ഞു. ജോബി ജോര്‍ജിന്‍റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മേജര്‍ രവി നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്.

നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനം കാണാനും അയാളുടെ ഭാഗവും സത്യവും മനസിലാക്കാനും ഇടയായി, ഒരു പുതുമുഖമെന്ന നിലയില്‍ ഷെയ്‌നെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് കുറച്ച് അച്ചടക്കമുണ്ടായിരിക്കുകയും ചുമതലകള്‍ നിര്‍വഹിക്കുകയും വേണം, അതുകൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നല്‍കിയ പോലെ ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കുക, എങ്കില്‍ ഇതുപോലത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം, ഉത്തരവാദിത്തങ്ങളില്‍ ഉറച്ചു നില്‍ക്കുക. നല്‍കിയ വാക്കിനോട് നീതി പുലര്‍ത്തുന്നടുത്തോളം കാലം നിന്നെ ഞാന്‍ പിന്തുണയ്ക്കും- മേജര്‍ രവി കുറിച്ചു.

Read Moreഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി; ആരോപണത്തിന് മറുപടിയുമായി നിര്‍മ്മാതാവ്

സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് വന്നിരുന്നു. ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്‍റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയതെന്നും കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഷെയ്ന്‍ നിഗം വെളിപ്പെടുത്തിയത്.

Read More'മറുപടി ഞാന്‍ തരില്ല, എന്റെ റബ്ബ് തന്നോളും'; ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് പ്രതികരണവുമായി ഷെയ്ന്‍ നിഗം

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയത്- ഷെയ്ന്‍ നിഗം പറഞ്ഞു.

Read More'പുതിയ തലമുറയ്ക്ക് പക്വത കുറവ്'; ഷെയ്ന്‍ വിഷയത്തില്‍ ഇടവേള ബാബു

എന്നാല്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് കഴിഞ്ഞ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു. ജോബിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് മേജര്‍ രവി നിലപാട് മയപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

click me!