
ദില്ലി: സിനിമ തീയറ്ററുകളില്‍ പുറത്ത് നിന്നും സിനിമ പ്രേക്ഷകര്‍ക്ക് ഭക്ഷണം കൊണ്ടുവരാമോ എന്ന കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സിനിമ തീയറ്റുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണം എന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞത്.
തീയേറ്ററുകളിൽ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സ്വന്തം ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
സിനിമാ തീയറ്ററുകള്‍ക്കും മൾട്ടിപ്ലക്‌സുകൾക്കും സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കാനും പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങൾ അനുവദിക്കണോ എന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ കാഴ്ചക്കാര്‍ക്ക് സൌജന്യ കുടിവെള്ളം നല്‍കണമെന്ന് കോടതി പറഞ്ഞു.
"സിനിമ തീയറ്റര്‍ ഒരു ജിം അല്ല. അവിടെ നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം വേണമെന്നില്ല. അത് വിനോദത്തിനുള്ള സ്ഥലമാണ്. സിനിമാ ഹാൾ സ്വകാര്യ സ്വത്താണ്. നിയമങ്ങൾക്ക് വിധേയമായി അവിടുത്തെ നിബന്ധനകളും നിയന്ത്രണങ്ങളും ഉടമയാണ് തീരുമാനിക്കേണ്ടത്. ആയുധങ്ങള്‍ കൊണ്ടുവരാരുത്, ജാതി മത വിവേചനം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കാം. അല്ലാതെ
സിനിമാശാലകളിൽ ഭക്ഷണം കൊണ്ടുവരാമെന്ന് ഹൈക്കോടതിക്ക് നിശ്ചയിക്കാന്‍ സാധിക്കില്ല" - വിധിയില്‍ സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതി അതിന്‍റെ അധികാരം മറികടന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുട്ടികൾക്ക് സൗജന്യ ഭക്ഷണവും ശുദ്ധജലവും നൽകാൻ സിനിമാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്റെ തിരഞ്ഞെടുപ്പാണെന്നും ഒരിക്കൽ സിനിമാ ഹാളിൽ പ്രവേശിച്ചാൽ മാനേജ്‌മെന്റിന്റെ നിയമങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീംകോടതി തീരുമാനത്തെ ശരിവച്ച് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു. "സിനിമാ ഹാളിനുള്ളിൽ ആരെങ്കിലും ജിലേബി കൊണ്ടുവന്നാല്‍ തീയേറ്റർ മാനേജ്‌മെന്റിന് അവരെ തടയാം. കാരണം ഈ പ്രേക്ഷകന്‍ ജിലേബി തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ സീറ്റിൽ തുടച്ചാൽ പിന്നെ അതിന്‍റെ കറ വൃത്തിയാക്കാൻ ആര് പണം നൽകും? ആളുകള്‍ ഇത്തരത്തില്‍ തന്തൂരി ചിക്കന്‍ കൊണ്ടുവന്നാലും പരാതി വരും. അവര്‍ അത് തിന്ന് അതിന്‍റെ എല്ലുകള്‍ ഹാളില്‍ ഉപേക്ഷിക്കും. അത് ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. പോപ്‌കോൺ വാങ്ങാൻ ആരും പ്രേക്ഷകനെ നിർബന്ധിക്കുന്നില്ല,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
"സിനിമാ തിയേറ്ററുകളിൽ സൗജന്യമായി വെള്ളം നൽകാമെന്ന് ഒരു ഇളവ് നൽകാം. പക്ഷേ തീയറ്ററുകാര്‍ നാരങ്ങവെള്ളം 20 രൂപയ്ക്ക് വിൽക്കുന്നു എന്ന് കരുതി. സിനിമ കാണാന്‍ വരുന്നയാള്‍ പുറത്ത് നിന്നും നാരങ്ങ വാങ്ങി ഫ്ലാസ്കിൽ പിഴിഞ്ഞ് ഉണ്ടാക്കാം എന്ന് പറയാന്‍ പറ്റില്ല" - ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. .2018 ജൂലായ് 18 ന് ജമ്മു കശ്മീർ ഹൈക്കോടതി സിനിമാ തീയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിച്ചത് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി.
ഭീകരമായ അപകടത്തിന് ശേഷം തന്‍റെ ഫോട്ടോ പങ്കുവച്ച് ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ
'ഞങ്ങൾ ഇന്ത്യക്കാരാണ്' ഹീത്രൂ എയര്‍പോര്‍ട്ടില്‍ മാസ് മറുപടി; കൈയ്യടി നേടി ബോളിവുഡ് താരം.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ