
സുഹൃത്തുക്കളില്‍ തന്നെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് സുബി സുരേഷിന്‍റെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നത്. അത് അറിയാതിരുന്നവര്‍ക്ക് വലിയ ആഘാതമായിരുന്നു ഇന്നത്തെ വിയോഗ വാര്‍ത്ത. വാക്കുകളില്‍ എപ്പോഴും നര്‍മ്മവും അടുപ്പവും സൂക്ഷിച്ചിരുന്ന പ്രിയ സുഹൃത്ത് ഇനിയില്ല എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവുന്നില്ല പലര്‍ക്കും. ടെലിവിഷനില്‍ സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെ പലരുടെയും കണ്ഠമിടറി. ഇപ്പോഴിതാ സുബിയെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ അനുസ്മരിക്കുകയാണ് നടി സുരഭി ലക്ഷ്മി.
സുബിയെക്കുറിച്ച് സുരഭി ലക്ഷ്മി
"ചേച്ചി വിളിക്കുമ്പോ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്കുമ്പോ നമ്മൾ ചിരിച്ച് മറിയും... "ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?" എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ "നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്" എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ.."
കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. അതേസമയം സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും. അതിനു മുന്‍പ് വരാപ്പുഴ പുത്തന്‍പള്ളിയില്‍ ഭൌതികശരീരം പൊതുദര്‍ശനത്തിന് വെക്കും.
ALSO READ : 'അമ്മേ, ഇവളുടെ കല്യാണത്തിന് പത്ത് പവന്‍ എന്‍റെ വക'; നടക്കാതെപോയ ഒരു വാക്ക്