ഇന്ന് രാവിലെയായിരുന്നു സുബിയുടെ വിയോഗം
കോമഡി ആസ്വദിക്കുന്നവര്‍ക്ക് പ്രിയങ്കരിയായിരുന്നു സുബി സുരേഷ് എങ്കില്‍ അതിലുമെത്രയോ പ്രിയപ്പെട്ടവളായിരുന്നു സഹപ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍. ധര്‍മ്മജനും രമേശ് പിഷാരടിയുമൊക്കെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് മറക്കാനാവാത്ത സാന്നിധ്യമായിരുന്നു സുബി. കലാഭവന്‍ മണിക്ക് സഹോദരതുല്യമായ ബന്ധം ഉണ്ടായിരുന്നു സുബിയോട്. വിവാഹം നടക്കുന്ന സമയത്ത് തന്‍റെ വക 10 പവന്‍ നല്‍കുമെന്ന് അദ്ദേഹം സുബിയോടും സുബിയുടെ അമ്മയോടുമൊക്കെ പലകുറി പറഞ്ഞിട്ടുണ്ട്. സുബി സുരേഷ് തന്നെയാണ് ഒരു ചാനല്‍ പരിപാടിക്കിടെ തന്‍റെ മനസ് തൊട്ട ഇക്കാര്യം ഓര്‍ത്തെടുത്തത്.
കലാഭവന്‍ മണിയെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത്
"പുള്ളിക്കാരന് എന്നോട് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല ആദ്യം. 2010 ല്‍ ഒരു അമേരിക്കന്‍ ട്രിപ്പ് ഉണ്ടായിരുന്നു. സ്ഥിരമായി ചെയ്തിരുന്ന സിനിമാറ്റിക് ഡാന്‍സിനു പകരം കണ്ടംപററി ഡാന്‍സ് ആണ് ഞാന്‍ അവിടെ ചെയ്തത്. ആ പ്രോഗ്രാമില്‍ എനിക്ക് ആകെ എട്ട് എന്‍ട്രികള്‍ ഉണ്ടായിരുന്നു. ഡാന്‍സില്‍ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ദിലീപേട്ടന്‍, നാദിര്‍ഷക്ക അവര്‍ക്കൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്‍റെ ഡാന്‍സ് നടക്കുമ്പോള്‍ വേദിയുടെ സൈഡില്‍ നിന്ന് ഇവര്‍ പ്രാര്‍ഥിക്കുമായിരുന്നു. അത് കഴിയുമ്പോള്‍ മോള്‍ അടുത്തതിന് റെഡി ആയിക്കോ എന്നും പറയും. ആ വേദിയില്‍ വച്ചാണ് മണിച്ചേട്ടന്‍ എന്നെ മനസിലാക്കിയതെന്ന് തോന്നുന്നു.
ധര്‍മ്മജനില്‍ നിന്നും കലാഭവന്‍ ഷാജോണില്‍ നിന്നുമൊക്കെയാണ് എന്‍റെ ജീവിതത്തെക്കുറിച്ച് മണിച്ചേട്ടന്‍ അറിയുന്നത്. തന്നെപ്പോലെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാള്‍ എന്നാവും അദ്ദേഹം മനസിലാക്കിയത്. നീ എന്താണ് കല്യാണം കഴിക്കാത്തതെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. അങ്ങനെ വന്നില്ല ചേട്ടാ എന്ന് പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവണമെന്നും അത് അമ്മയ്ക്ക് ഒരു അത്താണി ആവുമെന്നും പറഞ്ഞു. നിന്‍റെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്‍ ഞാന്‍ തരുമെന്നും പറഞ്ഞു. ഞാനത് കേട്ട് അങ്ങ് വിട്ടുകളഞ്ഞു.
പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് നിന്‍റെ അമ്മയെ വിളിച്ചിട്ട് എനിക്ക് ഫോണ്‍ തരണമെന്ന് പറഞ്ഞു. അമ്മേ എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണമെന്ന് അമ്മയോടും പറഞ്ഞു. പത്ത് പവന്‍റെ കാര്യവും പറഞ്ഞു. 45 ദിവസത്തിനു ശേഷം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എന്നെ വിളിക്കാന്‍ അച്ഛനും അമ്മയും വന്നിരുന്നു. നേരത്തെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അഹങ്കാരിയാണെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്‍റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പത്ത് പവന്‍റെ കാര്യമൊന്നുമല്ല, പുള്ളിക്കാരന്‍ അങ്ങ് പോയില്ലേ.."
ALSO READ : 'ഇനി ഇടിവെട്ട് വീഡിയോകള്‍ വരും'; റാഞ്ചിയില്‍ നിന്ന് സുബിയുടെ അവസാന യുട്യൂബ് വീഡിയോ
