
'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആൻ ആഗസ്റ്റിൻ നായികയായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഴകപ്പൻ, പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്‍റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, പിആർഒ പി ആര്‍ സുമേരൻ. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന സിനിമയുടെ ചിത്രീകരണം, ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു.
വളരെ കുറച്ച് ചിത്രങ്ങൾ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിൻ. 2017ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രം സോളോയ്ക്കു ശേഷം ആനിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'ക്ക് ഉണ്ട്.
അട്ടപ്പാടിയിൽ നിന്നും ലണ്ടനിലേക്ക്; നഞ്ചിയമ്മയ്‌ക്കൊപ്പം കുസൃതി കാട്ടി രമേഷ് പിഷാരടി- വീഡിയോ