
പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പതിന് ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, സച്ചി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാകുന്നത്. പ്രിയംവദാ കൃഷ്‍ണനാണു നായിക.
പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ' . ഒരു ത്രില്ലർ മൂവിയാണിത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു '
ഉർവ്വശി തീയേറ്റേഴ്‍സിന്റെ ബാനറിൽ സന്ദീപ് സേനൻ ഈ ചിത്രം നിർമ്മിക്കുന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ? ', ഉടൻ പ്രദർശനത്തിനെത്തുന്ന 'സൗദി വെള്ളക്ക' എന്നിവയ്‍ക്ക് ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണിത്.വിശാലമായ ക്യാൻ വാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജി ആർ ഇന്ദുഗോപന്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് ചിത്ര തിരക്കഥ രചിക്കുന്നു.
സംഗീതം - ജെയ്ക്ക് ബിജോയ്‍സ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ബംഗ്ളാൻ, കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരൻ ആണ്. മേക്കപ്പ് - മനുമോഹൻ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ എന്നിവരാണ്. നിർമ്മാണ നിർവ്വഹണം അലക്സ് ഇ കുര്യൻ. ഉർവ്വശി തീയേറ്റേഴ്‍സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുക. പിആര്‍ഒ വാഴൂർ ജോസ്.
Read More: 'കാന്താരാ' ഹിന്ദി റിലീസ് പ്രഖ്യാപിച്ചു, സെൻസര്‍സറിംഗ് വിവരങ്ങള്‍ പുറത്ത്