Latest Videos

'വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്'; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി

By Web TeamFirst Published May 28, 2021, 8:25 PM IST
Highlights

"പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല"

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പറിയിച്ച് സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ അത് പറയുന്ന ആളിന്‍റെ വീട്ടുകാരെപ്പോലും അധിക്ഷേപിക്കുന്നതിനെതിരെയായിരുന്നു പലരും സംസാരിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്‍റെ പേരോ പരാമര്‍ശിക്കാതെയാണ് സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്ലീസ്, പ്ലീസ്, പ്ലീസ്... ഓരോ മനുഷ്യന്‍റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്.

ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്‍റെ നേരെ ഉന്നയിച്ചപ്പോൾ അതിന്‍റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍. സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ, വികാരങ്ങള്‍ ശുദ്ധവും സത്യസന്ധവുമാവട്ടെ.

click me!