
കൊച്ചി: കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് സുരേഷ് ഗോപി നൽകിയത്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ "മാ"സെക്രട്ടറി കലാഭവൻ ഷാ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ സലിം എന്നിവരാണ് തുക കൈമാറിയത്.
ജൂണില്‍ ആയിരുന്നു നിജുവിന്‍റെ മരണ വിവരം പുറത്തുവന്നത്. 43 വയസായിരുന്നു. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. മെയ്യിൽ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കബില്‍ എന്നയാൾ മുങ്ങിമരിച്ചിരുന്നു. സംഭവം നടന്നത് സിനിമയുടെ സെറ്റിൽ വച്ചല്ലെന്നും ആ ദിവസം ചിത്രീകരണം നടന്നിട്ടില്ലെന്നും പറഞ്ഞ് നിർമ്മാതാക്കൾ രംഗത്ത് എത്തിയരുന്നു. ആ ദിവസം ചിത്രീകരണം നിശ്ചയിച്ചിരുന്നില്ലെന്നും കൂടാതെ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനത്തിനിടെയല്ല കബിൽ മരിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി മാര്‍ച്ച് മാസമാണ് മരിച്ചത്. അദ്ദേഹവും ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിക്കുകയായിരുന്നു.
അതേസമയം, ജെഎസ്കെ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്തിയ അവാസന ചിത്രം. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്‍റെ പൂര്‍ണ പേര്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവ് സുരേഷും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. വിവാദങ്ങള്‍ക്കും പേര് മാറ്റത്തിനും ഒടുവില്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രതികരണം നേടാന്‍ സാധിച്ചിരുന്നില്ല.