'ജയലക്ഷ്‍മി നല്‍കിയ പേരത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ വളരും'; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

By Web TeamFirst Published Sep 2, 2021, 1:04 PM IST
Highlights

"ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്‍മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി"

പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിയെ ഏല്‍പ്പിച്ച് സുരേഷ് ഗോപി എംപി. പത്താപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്‍മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ സുരേഷ് ഗോപിക്ക് നല്‍കിയത്. ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് താന്‍ പാലിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം സുരേഷ് ഗോപി അറിയിച്ചു.

"പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്‍മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്‍റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. 

പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്‍റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്‍റെ ഔദ്യോഗിക ബംഗ്ലാവിന്‍റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്‍റെ തൈ എന്‍റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്‍റെ സന്ദേശം", സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!