
സുരേഷ് ഗോപി നായകനായി എത്തുന്ന 257മത് ചിത്രമാണ് വരാഹം. ത്രില്ലർ ഗണത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിക്കൊപ്പം ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റേതായി വന്നൊരു കാസ്റ്റിംഗ് കാൾ ശ്രദ്ധനേടുകയാണ്.
മെയിൻ കഥാപാത്രങ്ങളുടെ ടീനേജ് പ്രായം അവതരിപ്പിക്കാനായാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. താല്പര്യമുള്ള പുതുമുഖങ്ങൾ മേക്കപ്പില്ലാത്ത ഫോട്ടോകൾ അണിയറ പ്രവർത്തകർക്ക് അയക്കണം. sanjaypadiyoorproduction1@gmail.com, varaahamsg257@gmail.com എന്നീ രണ്ട് മെയിലുകളിലും താല്യപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
"സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ സിനിമയിലേക്ക് ടീനേജ് പ്രായം അവതരിപ്പിക്കാൻ പുതുമുഖങ്ങളെ തേടുന്നു. സുരേഷ് ഗോപി: പ്രായം 19-20, ഗൗതം മേനോൻ: പ്രായം 19-20, നവ്യ നായർ: പ്രായം 15-19. താലപര്യമുള്ളവർ മേക്കപ്പില്ലാത്ത ഫോട്ടോകൾ അയക്കുക", എന്നാണ് കാസ്റ്റിംഗ് കാളിൽ കൊടുത്തിരിക്കുന്നത്.
ഡിസംബർ 15നാണ് വരാഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നിലവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ ആണ് സനൽ വി ദേവൻ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളിലാണ് നിർമ്മാണം.
അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..