
കൊച്ചി: കാറിലെ സൂപ്പർ താരങ്ങളല്ല, കാറിൽ നിന്ന് ഇറങ്ങി നടക്കുകയോ, സൈക്കിളിൽ പോകുകയോ മറ്റോ ചെയ്യുന്ന സൂപ്പർ താരങ്ങളാണ് ഇപ്പോൾ ശരിക്കും താരങ്ങൾ. സമൂഹമാധ്യമങ്ങളിൽ അവ നേടുന്നത് വലിയ കരഘോഷമാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ഓട്ടോയാത്രയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളത്തൊരു പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംപി. കൊച്ചിയിലെ ബ്ലോക്കിൽ കൃത്യസമയത്ത് ചടങ്ങിനെത്താനാകില്ലെന്ന് കണ്ട് താരം തന്റെ യാത്ര ഓട്ടോയിലാക്കി. വൈകീട്ട് നാല് മണീയോടെ ഇറങ്ങിയ സുരേഷ് ഗോപി എംജി റോഡിലെയും മറ്റും ബ്ലോക്കിനെ കുറിച്ച് അറിഞ്ഞതോടെയാണ് തന്റെ കാറ് വിട്ട് യാത്ര ഓട്ടോയിലേക്ക് മാറ്റിയത്.
കാറിൽ വന്നിറങ്ങുന്ന സൂപ്പർ താരത്തെ കാത്തിരുന്ന സംഘാടകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു സിനിമാ സ്റ്റൈലിൽ സുരേഷ് ഗോപിയുടെ ഓട്ടോയിലുള്ള എൻട്രി. ഏറെ കാലത്തെ പിണക്കം മറന്ന് അമ്മ സംഘടനയുടെ മീറ്റിംഗിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിടിഎച്ചിലെ ഉദ്ഘാടന ചടങ്ങിനെത്തിയത്. അരമണിക്കൂർ കൊണ്ടാണ് ഓട്ടോ കലൂരിൽ നിന്ന് ബിടിഎച്ച് ഹോട്ടലിൽ എത്തിയത്. സ്ഥലത്ത് ചെന്നിറങ്ങിയപ്പോൾ മാത്രമാണ് ഓട്ടോ ഡ്രൈവർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്.