
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയെ സന്ദര്‍ശിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയോടെ ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. ഗൗരിനന്ദയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നുവന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം പൊലീസിനെതിരെ ഗൗരിനന്ദ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു.
ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ