മനക്കരുത്ത് തൂലികയാക്കിയ ദേവികയെ കാണാന്‍ സുരേഷ് ഗോപിയെത്തി; കാലില്‍ത്തൊട്ട് അഭിനന്ദനം

By Web TeamFirst Published May 14, 2019, 10:19 AM IST
Highlights

ജന്മനാ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചത്. വള്ളിക്കുന്ന് സിബിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ദേവിക എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
 

ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കിയ ദേവികയെ നേരില്‍ കാണാന്‍ സുരേഷ് ഗോപിയെത്തി. വള്ളിക്കുന്നത്തെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ദേവികയുടെ കാലില്‍തൊട്ട് അഭിനന്ദിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ജന്മനാ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചത്. വള്ളിക്കുന്ന് സിബിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ദേവിക എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷയെഴുതാനുള്ള സൗകര്യം വേണ്ടെന്നുവച്ചാണ് ദേവിക മറ്റെല്ലാ ക്ലാസുകളിലെയും പരീക്ഷ പോലെ എസ്എസ്എല്‍സിയും സ്വയം എഴുതിയത്.

ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റെയും സുജിതയുടെയും മകളായ ദേവിക ചിത്രരചനയിലും ഗാനാലാപനത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പ്ലസ് വണ്ണിന് വള്ളിക്കുന്ന് സിബി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നാണ് ദേവികയുടെ ആഗ്രഹം. ഡിഗ്രിയും പിജിയും ഉന്നത മാര്‍ക്കോടെ വിജയിക്കണമെന്നും സിവില്‍ സര്‍വീസ് നേടണമെന്നുമാണ് ദേവികയുടെ ആഗ്രഹം. മകളുടെ ആഗ്രഹങ്ങള്‍ക്ക് അച്ഛനും അമ്മയും ഒപ്പമുണ്ട്.

click me!