സൂര്യയുടെ 'ജല്ലിക്കട്ട്'; 'വാടിവാസല്‍' ടൈറ്റില്‍ ലുക്ക് എത്തി

By Web TeamFirst Published Jul 16, 2021, 11:45 PM IST
Highlights

ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ള സിനിമ

വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന 'വാടിവാസലി'ന്‍റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. തമിഴ്, ഇംഗ്ളീഷ് ടൈറ്റിലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. ഈ ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ടൈറ്റില്‍ ലുക്കും. 

തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന 'എഴുത്ത്' സാഹിത്യ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു. ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍.

Thank you for all your love!! pic.twitter.com/azILsifxja

— Suriya Sivakumar (@Suriya_offl)

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സിനിമയായതിനാല്‍ത്തന്നെ വലിയ ആള്‍ക്കൂട്ടമുള്ള ഔട്ട്ഡോര്‍ രംഗങ്ങളും ഏറെയുള്ള സിനിമയാണ് വാടിവാസല്‍. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. 

അതേസമയം വെട്രിമാരന്‍റെ കഴിഞ്ഞ ചിത്രമായ 'അസുരനും' ഒരു തമിഴ് നോവലിനെ ആസ്‍പദമാക്കിയുള്ളതായിരുന്നു. പൂമണി എഴുതിയ 'വേക്കൈ' എന്ന നോവല്‍ ആണ് സിനിമയായത്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമടക്കം നിരവധി അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു. 

click me!