സുശാന്തിന്റെ മരണം; നിര്‍മ്മാതാവ് ആദിത്യ ചോപ്ര മുംബൈ പൊലീസില്‍ മൊഴി നല്‍കി

By Web TeamFirst Published Jul 18, 2020, 10:00 PM IST
Highlights

സിനിമയിലെ തര്‍ക്കങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സുശാന്തിന്റെ സഹപ്രവര്‍ത്തകരെയും സുശാന്തുമായി സഹകരിച്ച സിനിമാ നിര്‍മ്മാതാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
 

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കവെ നിര്‍മ്മാതാവ് ആദിത്യ ചോപ്ര മുംബൈ പൊലീസില്‍ മൊഴി നല്‍കി. നാല് മണിക്കൂറിലേറെ സമയമെടുത്താണ് വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ വച്ച് ബാന്ദ്ര പൊലീസ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്. 

ജൂണ്‍ 14നാണ് മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആരാധകരും ചില അടുത്ത സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. 

സിനിമയിലെ തര്‍ക്കങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സുശാന്തിന്റെ സഹപ്രവര്‍ത്തകരെയും സുശാന്തുമായി സഹകരിച്ച സിനിമാ നിര്‍മ്മാതാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തില്‍ ആരോപണം കരണ്‍ ജോഹര്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെയുള്ളവരിലേക്ക് നീണ്ടിരിക്കുകയാണ്. 

കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ അടക്കം 34 പേരില്‍ നിന്നാണ് മൊഴിയെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച സുശാന്തിന്റെ സൈക്യാട്രിസ്റ്റ്  ഡോ കെര്‍സി ചവ്ദയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. 

അതേസമയം സുശാന്തിന്റെ അടുത്ത സുഹൃത്തായ റിയ ചക്രവര്‍ത്തി, ആഭ്യന്തരമന്ത്രി അമിത് ഷായോട് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്താണ് സുശാന്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് തനിക്കറിയണമെന്ന് അമിത് ഷായെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ റിയ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. 

click me!