'എന്‍റെ കേരളം'; പ്രളയകാലത്ത് കേരളത്തിന് ഒരു കോടി നല്‍കിയപ്പോള്‍ സുശാന്ത് കുറിച്ചു

By Web TeamFirst Published Jun 14, 2020, 4:44 PM IST
Highlights

2018ലെ പ്രളയകാലത്ത് കേരളത്തിന് സഹായവുമായി എത്തിയവരുടെ കൂട്ടത്തില്‍ സുശാന്തും ഉണ്ടായിരുന്നു. ഒരു ആരാധകനാണ് കേരളത്തിന് നല്‍കേണ്ട സഹായത്തിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. 

ബോളിവുഡിലെ തങ്ങളുടെ പ്രിയതാരം സുശാന്ത് സിംഗ് രജ്‍പുതിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടിലിലാണ് സിനിമാപ്രവര്‍ത്തകരും ഒപ്പം പ്രേക്ഷകരും. പികെയും കേദാര്‍നാഥും എം എസ് ധോണിയുമൊക്കെ കണ്ട് ഈ നടനെ മനസില്‍ കൊണ്ടുനടന്നവുടെ കൂട്ടത്തില്‍ മലയാളികളുമുണ്ടാവുമെന്ന് തീര്‍ച്ഛയാണ്. പക്ഷേ സിനിമയ്ക്കപ്പുറത്ത് സുശാന്തിനോട് മലയാളികള്‍ക്ക് ഉണ്ടാവേണ്ട കടപ്പാടിനെക്കുറിച്ച് ഓര്‍മ്മിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം സ്ക്രീന്‍ ഷോട്ട് അദ്ദേഹത്തിന്‍റെ മരണത്തിനു പിന്നാലെ പ്രചരിക്കുന്നുണ്ട്.

2018ലെ പ്രളയകാലത്ത് കേരളത്തിന് സഹായവുമായി എത്തിയവരുടെ കൂട്ടത്തില്‍ സുശാന്തും ഉണ്ടായിരുന്നു. ഒരു ആരാധകനാണ് കേരളത്തിന് നല്‍കേണ്ട സഹായത്തിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കി സഹായിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ അതിനുള്ള പണമില്ലെന്നും ശുഭം രഞ്ജന്‍ എന്ന ഫോളോവര്‍ സുശാന്തിനെ ടാഗ് ചെയ്‍തുകൊണ്ട് അറിയിക്കുകയായിരുന്നു. അതിന് സുശാന്ത് നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.

"നിങ്ങളുടെ പേരില്‍ ഒരു കോടി ഞാന്‍ സംഭാവന നല്‍കും. ആവശ്യമുള്ള സുഹൃത്തുക്കള്‍ക്ക് അത് നേരിട്ടെത്തുമെന്ന് ഉറപ്പാക്കും. പിന്നീട് താങ്കളെ അഭിനന്ദിച്ചുകൊണ്ട് അത് ഇന്‍സ്റ്റഗ്രാമിലൂടെ ഞാന്‍ പങ്കുവെക്കുകയും ചെയ്യും. ഇത് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി", എന്നായിരുന്നു സുശാന്തിന്‍റെ മറുപടി സന്ദേശം. അതൊരു പാഴ്‍വാക്കല്ലായിരുന്നു. പറഞ്ഞ പണം അയച്ചതിനുശേഷം ഇന്‍സ്റ്റഗ്രാമിലൂടെ ശുഭം രഞ്ജന് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവച്ചു.

 

"എന്‍റെ സുഹൃത്ത് ശുഭം രഞ്ജന് വാക്കുകൊടുത്തിരുന്നതുപോലെ, താങ്കള്‍ക്ക് എന്താണോ വേണ്ടിയിരുന്നത് അത് ചെയ്‍തിട്ടുണ്ട്. താങ്കളാണ് എന്നെക്കൊണ്ട് ഇതു ചെയ്യിച്ചത്. അതിനാല്‍ താങ്കള്‍ക്ക് ഏറെ അഭിമാനം കൊള്ളാം. വലിയ ആവശ്യം ഉള്ളപ്പോള്‍ത്തന്നെയാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്. ഒരുപാട് സ്നേഹം", ആ പോസ്റ്റിനൊപ്പം ഇത്രയും കുറിച്ചതിനുശേഷം സുശാന്ത് ഉള്‍പ്പെടുത്തിയ ഒരേയൊരു ഹാഷ്‍ടാഗ് "എന്‍റെ കേരളം" (My Kerala) എന്നായിരുന്നു.

click me!