
തമിഴിലെ തങ്ങളുടെ പുതിയ ഒറിജിനല്‍ സിരീസ് ആയ സുഴലിന്‍റെ (Suzhal) ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ (Prime Video). ജൂൺ 17ന് ആണ് സിരീസിന്‍റെ പ്രീമിയര്‍. ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക് സിരീസ് കാണാനാവും. അബുദബിയിലെ യാസ് ഐലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന, താരനിബിഡമായ ഐഫ അവാര്‍ഡ്(IIFA 2022) വേദിയിലാണ് പ്രഖ്യാപനം. സുഴല്‍: ദ് വോര്‍ട്ടെക്സ് എന്ന് പേരിട്ടിരിക്കുന്ന സിരീസിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിക്രം വേദ സംവിധായകരായ പുഷ്കര്‍- ഗായത്രിയാണ്. ബ്രഹ്മ, അനുചരൺ എം എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.
രാധാകൃഷ്ണന്‍ പാര്‍ഥിപനൊപ്പം കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെ സിരീസില്‍ എത്തുന്നുണ്ട്. 8 എപ്പിസോഡുകളുള്ള ഈ സാങ്കൽപ്പിക ക്രൈം ത്രില്ലർ, ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്. പ്രൈം വീഡിയോയുടെ ആദ്യ പ്രദർശനത്തിൽ ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് ഭാഷകളില്‍ സിരീസ് കാണാനാവും. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി ഭാഷകളിൽ സബ്‌ടൈറ്റിലുകളോടെയും സിരീസ് ലഭ്യമാകും.
ഐഫ വാരാന്ത്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത്, രചയിതാക്കളായ പുഷ്‌കർ, ഗായത്രി, സംവിധായകരായ ബ്രഹ്മ, അനുചരൺ എം, പ്രധാന വേഷങ്ങളിൽ എത്തുന്ന കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവർ ചേർന്നാണ് പരമ്പരയുടെ വേൾഡ് വൈഡ് പ്രീമിയർ പ്രഖ്യാപിച്ചത്.