
കൊവിഡ് സമയത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തി പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സിനിമയായിരുന്നു മിഡില്‍ ക്ലാസ് മെലഡീസ്. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ വിനോദ് ആനന്ദൊജു ആയിരുന്നു. വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണയും ഡയറക്റ്റ് ഒടിടി റിലീസ് ആണ് അവരുടെ ചിത്രം എന്നതും കൗതുകം. തക്ഷകുഡു എന്നാണ് ചിത്രത്തിന്‍റെ പേര്.
മിഡില്‍ ക്ലാസ് മെലഡീസ് പ്രേക്ഷകരിലേക്ക് എത്തിയത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നെങ്കില്‍ തക്ഷകുഡു എത്തുന്നത് നെറ്റ്ഫ്ലിക്സിലൂടെയാണ്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് നാഗ വംശിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് നാഗ വംശി പറഞ്ഞത് ഇങ്ങനെ- ചില കഥകള്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്നതാണ്. മറ്റ് ചിലതാവട്ടെ ഒടിടി സ്ക്രീനുകളും ഒപ്പം വലിയ പ്രേക്ഷകവൃന്ദത്തെയും. വിവിധ രാജ്യങ്ങളിലായി 30 ഭാഷകളില്‍ ലക്ഷകുഡു റിലീസ് ചെയ്യാനാണ് നെറ്റ്ഫ്ലിക്സിന്‍റെ പദ്ധതിയെന്നും ഭാഷാഭേദമന്യെ പ്രേക്ഷകര്‍ക്ക് താല്‍പര്യം തോന്നിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും നാഗ വംശി പറയുന്നു. അതിനാലാണ് തിയറ്റര്‍ റിലീസ് ഒഴിവാക്കിയതെന്നും.
ലാപത ലേഡീസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിതാന്‍ഷി ഗോയലാണ് ചിത്രത്തിലെ നായിക. നിതാന്‍ഷിയുടെ ടോളിവുഡ് അരങ്ങേറ്റമാണ് ഇത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണയും ഒരു പേഴ്സണല്‍ ചിത്രവുമായാണ് സംവിധായകന്‍ വിനോദ് ആനന്ദൊജു എത്തുന്നത്. കുട്ടിക്കാലത്ത് താന്‍ കേട്ടുവളര്‍ന്ന നാടോടി, ഗ്രാമീണ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു സാധാരണ ത്രില്ലര്‍ അല്ല ഈ ചിത്രമെന്നും മറിച്ച് പുരാവൃത്തങ്ങള്‍ക്ക് ജീവന്‍ വെക്കുന്ന ഒരു ഇടമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. നിശബ്ദതയ്ക്ക് പോലും കാര്യങ്ങള്‍ കീഴ്മേല്‍ മറിക്കാനാവുന്ന ഒരിടം. ഏറ്റവും ചെറിയ ശബ്ദത്തിന് പോലും സസ്പെന്‍സ് വര്‍ധിപ്പിക്കാനാവുന്ന ഒരു സ്ഥലം, വിനോദ് അനന്ദൊജു പറയുന്നു. സൂരി എന്നാണ് ചിത്രത്തില്‍ ആനന്ദ് ദേവരകൊണ്ട അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അദ്ദേഹത്തെ സംബന്ധിച്ച് ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണ് ഇത്.