നടൻ വിവേക് അന്തരിച്ചു, അന്ത്യം ഹൃദയാഘാതം മൂലം ചെന്നൈയിൽ

By Web TeamFirst Published Apr 17, 2021, 6:42 AM IST
Highlights

വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു. 

ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. 

രജനീകാന്ത്, കമൽഹാസൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പലരും വിവേകിന് വേണ്ടി പ്രാർത്ഥനകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു. 

എന്നാൽ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പിന്നീട് അറിയിച്ചത്. വിവേകിന്‍റെ ഇടത് ആർട്ടെറിയിൽ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്.

എക്മോ (Extracorporeal membrane oxygenation)ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോൾത്തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. കൊവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നു. 

സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്.

click me!