
94-ാമത് അക്കാദമി അവാര്‍ഡിന് (94th Academy Awards) ഇന്ത്യയെ പ്രതിനിധീകരിക്കുക (India's Official Entry) ഒരു തമിഴ് ചലച്ചിത്രം. പി എസ് വിനോദ്‍രാജ് (PS Vinothraj) എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ 'കൂഴങ്കല്‍' (Koozhangal/ Pebbles) എന്ന ചിത്രമാണ് ഓസ്‍കറില്‍ (Oscars) ഇന്ത്യയെ പ്രതിനിധീകരിക്കുക. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരത്തിന് ചിത്രം മത്സരിക്കും.
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.
റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്‍റെയും ജീവിതത്തിലേക്കാണ് കൂഴങ്കല്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത മലയാളചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ