മുന്‍ സഹപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയ്ക്ക് ഉടനടി പരിഹാരം; തമിഴ് സിനിമയില്‍ നിര്‍ണായക പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

Published : May 25, 2026, 08:35 PM IST
tamil nadu government permits theatres to run 5 shows per day after film industry members demanded

Synopsis

സിനിമാ വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനത്തെ സിനിമാലോകം സ്വാഗതം ചെയ്യുകയാണ്

തമിഴ് ചലച്ചിത്ര വ്യവസായത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് പുതുതായി എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മ്മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ അനുമതി തേടേണ്ട ആവശ്യമില്ല. എന്നാല്‍ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.

ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും (റിലീസ് തീയതിയില്‍ നിന്ന് ഏഴ് ദിവസം) പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധിദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. ഒപ്പം എല്ലാ ശനി, ഞായര്‍ ദിനങ്ങളിലും അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനാവും. തമിഴ് സിനിമയെ നഷ്ടത്തില്‍ നിന്നും കര കയറ്റാനും തിയറ്റര്‍ റെവന്യൂ വര്‍ധിപ്പിക്കാനും ഉതകുന്ന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി വിജയിനെ 16-ാം തീയതി സന്ദര്‍ശിച്ചിരുന്നു. ദിവസേന അഞ്ച് ഷോകള്‍ കളിക്കാന്‍ തിയറ്ററുകാരെ അനുവദിക്കണമെന്നതും അവരുടെ അഭ്യര്‍ഥന ആയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. നിലവില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.

അതേസമയം തമിഴ് സിനിമാലോകം ആവേശത്തോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വീകരിക്കുന്നത്. തിയറ്റര്‍ ഉടമകളും ഒപ്പം ആരാധകരുമൊക്കെ പ്രഖ്യാപനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അതേസമയം ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ വരുമ്പോള്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ക്ക് കൂടി അനുമതി നല്‍കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നുണ്ട്. മുന്‍പ് അര്‍ധരാത്രിയും പുലര്‍ച്ചെ നാല് മണിക്കുമൊക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ രാവിലെ 9 മണിക്ക് മാത്രമേ സാധ്യമാവൂ. 2023 ല്‍ അജിത്ത് കുമാര്‍ ചിത്രം തുനിവിന്‍റെ റിലീസ് സമയത്ത് പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോ ആഘോഷത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റിലീസ് ദിനത്തിലെ നേരത്തേയുള്ള ഷോകള്‍ ഡിഎംകെ സര്‍ക്കാര്‍ നിരോധിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കേരളം നേരിടുന്ന 2 പ്രശ്‍നങ്ങള്‍ക്ക് ഒരു പരിഹാരം'; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖില്‍ മാരാര്‍
'സിനിമ നശിപ്പിച്ചപ്പോള്‍ കിട്ടിയത് ഒന്നോ രണ്ടോ ലക്ഷമായിരിക്കും, നിര്‍മ്മാതാക്കള്‍ക്കോ'? അശ്വന്ത് കോക്കിനെതിരെ 'അങ്കം അട്ടഹാസം' സംവിധായകന്‍