
അങ്കം അട്ടഹാസം എന്ന സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കാതിരിക്കാന്‍ പ്രമുഖ യുട്യൂബ് റിവ്യൂവര്‍ അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ ആരോപിച്ചിരുന്നു. അശ്വന്തിനുവേണ്ടി മറ്റൊരാളാണ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അശ്വന്ത് കോക്കിന്‍റെ തുറന്നടിച്ചുള്ള പ്രതികരണവും പിന്നാലെ എത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകനായ സുജിത് എസ് നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. അശ്വന്ത് കോക്കിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് കുറിപ്പ്
ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് അത്യന്തം വേദനയോടെയാണ്. ഞാൻ സംവിധാനം ചെയ്ത അങ്കം അട്ടഹാസം എന്ന സിനിമയെ അശ്വന്ത് കോക്കിനെ പോലെ സ്വയം പ്രഖ്യാപിത റിവ്യൂവർമാരിൽ പലരും ഒടുങ്ങാത്ത പകയോടെ, കടുത്ത മുൻ വൈരാഗ്യത്തോടെന്ന പോലെ മെയ് 8 ന് സിനിമ റിലീസ് ചെയത ദിവസം തന്നെ കൊന്നു കൊല വിളിച്ചു. ഞങ്ങളുടെ പണം, ഞങ്ങളുടെ അത്യദ്ധ്വാനം എന്ന പതിവ് ന്യായങ്ങളൊന്നും പറയുന്നില്ല. സിനിമ ടിക്കറ്റെടുത്ത് കാണുന്ന ആർക്കും അവരവരുടെ അഭിപ്രായങ്ങൾ സഭ്യമായി, സത്യസന്ധമായി രേഖപ്പെടുത്താം. പക്ഷേ സഭ്യതയുടെ, മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിപരമായ അധിക്ഷേപം, ആക്രമണം എന്തിനായിരുന്നു? നിങ്ങളുടെ അജണ്ട കാരണമല്ലേ റിലീസ് ചെയ്ത് ആറാം നാൾ ഞങ്ങൾക്ക് എല്ലാ തിയേറ്ററുകളിൽ നിന്നും ഞങ്ങളുടെ സിനിമ പിൻവലിക്കേണ്ടി വന്നത്? കോടികൾ മുടക്കിയ, ഇരുന്നൂറോളം പേരുടെ അദ്ധ്യാനത്തിന് പുല്ലു വില കല്പിച്ച് യൂ ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മോണിട്ടൈസേഷൻ കൂടാതെ പോസിറ്റീവ് പറയാനും കാശ് വേണമെന്ന അത്യാർത്തി തുറന്ന് കാട്ടിയപ്പോൾ അശ്വന്ത് കോക്കിന് നൊന്തോ?
ഞങ്ങളുടെ നോവിനേക്കാൾ വലിയ നോവല്ലെടാ അത്. നീ ഒരു അദ്ധ്യാപകനായിരുന്നു അല്ലേ? ഇന്നലെ രാത്രി ഏതോ ലഹരിയുടെ ഉന്മാദത്തിൽ ഉറഞ്ഞ് തുള്ളിയ നിന്റെ വൃത്തികെട്ട വായിൽ നിന്ന് വീണ അതിനേക്കാൾ വൃത്തികെട്ട വാക്കുകൾ കേട്ടവരൊക്കെ നീ പഠിപ്പിച്ച ആ പാവം വിദ്യാർത്ഥികളെയോർത്ത് നൊന്തതിനേക്കാൾ വലിയ നോവാണോടാ പാവപ്പെട്ട കലാകാരന്മാരുടെ അന്നത്തിൽ മണ്ണ് വാരിയിട്ട് അന്നം കണ്ടെത്തുന്ന കാട്ടാളനായ നിന്റെ നോവ്? ഒരു സിനിമ റിലീസ് ചെയിത് 3 മണിക്കൂർ ആകുന്നതിനു മുന്നേ ആ സിനിമയുടെ കഥ പറയാൻ ആരാണ് അവകാശം തന്നത്? ഇത് എവിടെത്തെ അഭിപ്രായ സ്വാതന്ത്ര്യം ആണ്? എന്റെ സിനിമ തിയേറ്ററിൽ എത്തി മണിക്കൂറിനുള്ളിൽ അതിന്റെ കഥ മുഴുവൻ പറഞ്ഞ് നശിപ്പിച്ചിട്ടു നിനക്കൊക്കെ കിട്ടിയത് ഒന്നോ രണ്ടോ ലക്ഷം രൂപയായിരിക്കും. പക്ഷെ ഇതിന്റെ പിന്നിൽ കാശ് മുടക്കിയവർ അവരുടെ കുടുംബം, ഇനി ഉള്ള അവരുടെ ജീവിതം ഇതൊക്കെ നീയൊക്കെ ചിന്തിക്കാറുണ്ടോ? ഇത്രയൊക്കെ ചെയ്തിട്ടും വീണ്ടും വീണ്ടും പച്ച തെറിയാണ് നിന്റെ വായിൽ നിന്നും വരുന്നത്. നിന്നെ സപ്പോർട്ട് ചെയ്യാനും നിന്നെ പേടിച്ച് നില്ക്കാനും സിനിമാ രംഗത്ത് തന്നെ ചിലരുണ്ടെന്നറിയാം; ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ, നിന്നെപ്പോലെയുള്ളവരുടെ സംഘത്തിൽ ചേർക്കാൻ സർവ്വഥാ യോഗ്യരായവർ.
ഞങ്ങൾക്കുള്ളത് കുറെ നല്ല മനുഷ്യരുടെ മനസ് കൊണ്ടുള്ള സപ്പോർട്ട് മാത്രം... എന്റെ ജീവിതം ഉള്ളംകൈയിൽ വച്ചാണ് ഞാനീ സിനിമയൊരുക്കിയത്. അത്രയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ എനിക്കുമുണ്ട്. ഈ സിനിമയെ നിന്നെപ്പോലെയുള്ളവരുടെ മൃഗീയാക്രമണം തകർത്തതോടെ ഇനി പിടിച്ചു നിൽക്കാൻ പോലും എനിക്ക് പാടാണ്. ഈ വിഷയത്തിൽ ഒരു പക്ഷേ ഇത് എന്റെ അവസാന പോസ്റ്റ് ആയിരിക്കാം. ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കൾ ഒന്ന് മാത്രം മനസിലാക്കിയാൽ മതി. ഞാൻ വേദനിക്കുന്നത് എന്റെ സിനിമയെ മോശം പറഞ്ഞത് കൊണ്ടല്ല. വർഷങ്ങളായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയുടെ കഥ റിലീസ് ആയി മണിക്കൂറിനുള്ളിൽ സീൻ ബൈ സീൻ പറഞ്ഞ് ഒരു തിയേറ്ററിൽ പത്ത് പേരെ പോലും കയറ്റാതെ എന്നെയും എന്റെ നിർമാതാക്കളെയും വിസ്‌മൃതിയിലാക്കിയതിന് എതിരെയാണ് ഞങ്ങളുടെ പ്രതിക്ഷേധം. ഈ ഒരു സിനിമയോട് കൂടിയെങ്കിലും നിർമ്മാതാക്കളുടെ കണ്ണീര് കൊണ്ട് നീയൊക്കെ അരിവാങ്ങുന്നത് അവസാനിക്കും. കാലം ഇതും കടന്നുപോകും - സുജിത് എസ് നായർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ