
മമ്മൂട്ടി സ്വവര്‍ഗ അനുരാഗിയായ ഒരു കഥാപാത്രമായി വേഷമിട്ടത് അടുത്തിടെ വലിയ ചര്‍ച്ചയാകുകയും സ്വീകാര്യത നേടുകയും ചെയ്‍തിരുന്നു. മമ്മൂട്ടി കാതല്‍ എന്ന ഒരു ചിത്രത്തിലാണ് വേറിട്ട വേഷത്തില്‍ എത്തിയത്. ഇത്തരമൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കുന്ന സൂപ്പര്‍താരങ്ങള്‍ കുറവാണ് എന്ന് അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു ട്രാൻസ്‍ജെൻഡര്‍ കഥാപാത്രമാകാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് മുമ്പ് രജനികാന്ത് പറഞ്ഞതിന്റെ വീഡിയോയാണ് പുതുതായി ചര്‍ച്ച ചെയ്യുന്നത്.
സംവിധായകൻ എ ആര്‍മുരുഗോദസിനൊപ്പമുള്ള രജനികാന്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഇതുവരെ താങ്കള്‍ ചെയ്യാത്ത ഒരു കഥാപാത്രം ഇനി പകര്‍ന്നാടാൻ ആഗ്രഹിക്കുന്നത് വെളിപ്പെടുത്താമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനികാന്ത്. രജനികാന്തിന്റെ മറുപടി വീണ്ടും ചര്‍ച്ചയാകുകയാണ്. സൂപ്പര്‍താരത്തിന്റെ നരപോലും തമിഴകത്ത് റിസ്‍കാണെന്ന് സംവിധായകനും ആര്‍ ജെ ബാലാജി ചൂണ്ടിക്കാട്ടുകയും മമ്മൂട്ടിയെ പ്രശംസിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് രജനികാന്തിന്റെ പഴയൊരു വീഡിയോ ചര്‍ച്ചയാകുന്നത്.
ജയിലര്‍ എന്ന ഒരു ഹിറ്റ് സിനിമയില്‍ രജനികാന്തിന്റെ ലുക്ക് തീരുമാനിച്ചതിലെ റിസ്‍ക് ഒരു അഭിമുഖത്തില്‍ സംവിധാായകൻ നെല്‍സണ്‍ വെളിപ്പെടുത്തിയിരുന്നു. രജനികാന്തിന്റെ യഥാര്‍ഥ പ്രായത്തില്‍ അവതരിപ്പിക്കാനായിരുന്നു തന്റെ താല്‍പര്യം. രജനികാന്തിന് നരയില്ലാതെ വേണം എന്തായാലും സ്‍ക്രീൻ കാണിക്കാൻ എന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയിലുള്ളവരാണ് അങ്ങനെ ആവശ്യപ്പെട്ടതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മമ്മൂട്ടി കാതലിലെ കഥാപാത്രം അവതരിപ്പിച്ചതിനെ ആര്‍ ജെ ബാലാജി പ്രശംസിച്ചത്. എന്തായാലും മമ്മൂട്ടിയാക്കാളും മുന്നേ അത്തരമൊരു കഥാപാത്രം ചെയ്യാൻ ആഗ്രഹം കാട്ടിയ നടനാണ് രജനികാന്ത് എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാതല്‍ റീമേക്ക് ചെയ്യാൻ സാധ്യതയുണ്ടോയെന്നും ചോദിക്കുകയാണ് ആരാധകര്. രജനികാന്ത് ആഗ്രഹം വെളിപ്പെടുത്തിയ ആ വീഡിയോ അന്ന് ചര്‍ച്ചയായിരുന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക