തീയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍

By Web TeamFirst Published Jan 8, 2021, 8:26 PM IST
Highlights

സര്‍ക്കാര്‍ 100 ശതമാനം പ്രവേശനം ഒഴിവാക്കുന്നപക്ഷം വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളിലും തങ്ങള്‍ റിലീസ് ചെയ്യുമെന്ന് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യം നേരത്തെ അറിയിച്ചിരുന്നു. 

സിനിമാ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം ആവാമെന്ന മുന്‍ തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കത്തയച്ചിരുന്നു. തുടര്‍ന്നു നടന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ തീരുമാനം വിശദീകരിച്ച് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഇതുപ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ. അതേസമയം തീയേറ്ററുകള്‍ക്ക് അധിക പ്രദര്‍ശനങ്ങള്‍ നടത്താവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന തമിഴ്നാട്ടിലെ തീയേറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നുവെങ്കിലും പ്രേക്ഷകര്‍ കാര്യമായി എത്തിയിരുന്നില്ല. പുതിയ റിലീസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്‍യുടെ 'മാസ്റ്ററും' ചിലമ്പരശന്‍റെ 'ഈശ്വരനും' തീയേറ്ററുകളിലേക്ക് വലിയ തോതില്‍ കാണികളെ തിരികെയെത്തിക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷിക്കുന്നത്. തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് വിജയ്‍യും ചിലമ്പരശനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി വിജയ് മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു 100 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

📢BREAKING: TN goes back to 50% occupancy 😒 pic.twitter.com/TLk4m8Kl16

— Tamilnadu Theatres Association (@TN_Theatre)

അതേസമയം സര്‍ക്കാര്‍ 100 ശതമാനം പ്രവേശനം ഒഴിവാക്കുന്നപക്ഷം വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളിലും തങ്ങള്‍ റിലീസ് ചെയ്യുമെന്ന് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യം നേരത്തെ അറിയിച്ചിരുന്നു. 13നാണ് മാസ്റ്ററിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 14ന് ഈശ്വരനും തീയേറ്ററുകളിലെത്തും. നേരത്തെ തീയേറ്ററുകളിലെ 100 ശതമാനം പ്രവേശനത്തെ സിനിമാലോകം പൊതുവില്‍ കൈയ്യടികളോടെ സ്വീകരിച്ചിരുന്നുവെങ്കില്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ ചോദ്യം ചെയ്തിരുന്നു.

click me!