
സുന്ദർ സി പിൻമാറിയതിനെ തുടർന്ന് ആരായിരിക്കും രജനികാന്ത്- കമൽ ഹാസൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിബി ചക്രവർത്തിയാണ് ചിത്രത്തിൻറെ സംവിധായകൻ. 2022 ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സിബി ചക്രവർത്തി. നേരത്തെ 'പാർക്കിങ്' സംവിധായകൻ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ, ധനുഷ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നതിനിടെയാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ "എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും "തലൈവർ 173" ൽ ജോയിൻ ചെയ്യുക. തമിഴ് സിനിമയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം ഈ വർഷം ആദ്യ പാദത്തിൽ തന്നെ ചിത്രീകരണം ആരംഭിക്കും.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്. തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ ആറ്റ്ലിയുടെ സംവിധാന സഹായി ആയിരുന്ന സിബി ചക്രവർത്തി, 2022 ൽ റിലീസ് ചെയ്ത 'ഡോൺ' എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആ ചിത്രത്തിന് ശേഷം സിബി ഒരുക്കാൻ പോകുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് "തലൈവർ 173" .
ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നാണ് വിവരം. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
താന്‍ ഏറ്റവും ബഹുമാനിക്കുന്ന രണ്ട് പേരാണ് രജനിയും കമൽഹാസനുമെന്നും വിലമതിക്കാനാവാത്ത ചില പാഠങ്ങളാണ് അവര്‍ തനിക്ക് നല്‍കിയെന്നും സുന്ദർ സി പറഞ്ഞിരുന്നു. രജനികാന്തിന്‍റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയത് അന്‍പേ ശിവമാണ്. രാജ്കമല്‍ ഫിലിംസിന്‍റെ 44-ാം വര്‍ഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തലൈവര്‍ 173.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ