'മാസ്റ്ററി'നു ശേഷമുള്ള വിജയ് ചിത്രം; ചെന്നൈയില്‍ പൂജയോടെ ആരംഭം

By Web TeamFirst Published Mar 31, 2021, 1:39 PM IST
Highlights

രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ നാളെ ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ 'മാസ്റ്ററി'നു ശേഷം വിജയ് നായകനാവുന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഇന്നത്തെ ചടങ്ങുകള്‍. 

 

രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ നാളെ ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് ശേഷം സംഘം റഷ്യയിലേക്ക് പോകും. പ്രധാന ഷെഡ്യൂളിന്‍റെ ചിത്രീകരണം അവിടെയാണ്. പൂജ ഹെഗ്‍ഡെയാണ് നായിക. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലായതിനാല്‍ പൂജയ്ക്ക് ഇന്നത്തെ ചടങ്ങുകള്‍ക്ക് എത്താനായില്ല.

 

'ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിന്‍റെ സംവിധായകനായി എ ആര്‍ മുരുഗദോസിന്‍റെ പേരാണ് ആദ്യം കേട്ടിരുന്നതെങ്കിലും പിന്നീട് അത് നെല്‍സണിലേക്ക് എത്തുകയായിരുന്നു. മുരുഗദോസും വിജയ്‍യും അവസാനം ഒന്നിച്ച 'സര്‍ക്കാര്‍' പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും ബജറ്റ് സംബന്ധിച്ച് നിര്‍മ്മാതാക്കളുമായി അഭിപ്രായ ഐക്യത്തില്‍ എത്താനാവാത്തതുമാണ് മുരുഗദോസ് പ്രോജക്ടില്‍ നിന്ന് പുറത്താവാന്‍ കാരണമെന്നാണ് കോളിവുഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. നയന്‍താര ടൈറ്റില്‍ റോളിലെത്തിയ കോലമാവ് കോകിലയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. ശിവകാര്‍ത്തികേയനെ നായകനാക്കിയുള്ള ആക്ഷന്‍ ത്രില്ലര്‍ 'ഡോക്ടര്‍' റിലീസിന് തയ്യാറെടുക്കുകയുമാണ്. 

click me!