
ദളപതി വിജയ്‍യുടെ 51ാം പിറന്നാളിന് ആരാധകർക്ക് ആഘോഷിക്കാൻ ജനനായകന്‍റെ ടീസറെത്തി. ആദ്യ ഗർജനമെന്ന പേരിലാണ് അണിയറ പ്രവർത്തകർ കാക്കിയിട്ട വിജയ്‍യെ അരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. ബിഗ് സ്ക്രീന്‍ ജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് വിജയ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കരിയര്‍ അവസാനിപ്പിക്കും മുന്‍പ് പ്രിയ താരത്തെ കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുന്ന ചിത്രമാണ് ജനനായകന്‍ എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
'ഒരു യഥാർത്ഥ നേതാവിന്‍റെ ഉദയം അധികാരത്തിനു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണ്' എന്നെഴുതി കാണിച്ചുകൊണ്ടാണ് ടീസർ തുടങ്ങുന്നത്. പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന വിധത്തിൽ മാസ് ലുക്കിൽ കാക്കി വേഷത്തിൽ വിജയ്‍യെ പരിചയപ്പെടുത്തുന്നു.
എച്ച് വിനോദാണ് ജനായകന്‍റെ സംവിധായകൻ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നും സൂചനയുണ്ട്. ചിത്രത്തില്‍ വിജയ് പാടുന്ന ഒരു ഗാനം വണ്‍ ലാസ്റ്റ് സോംഗ് എന്ന പേരിൽ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജനനായകന്റെ അണിയറ പ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
വിജയ്‍യുടെ കരിയറിലെ 69-ാം ചിത്രമാണ് ജനനായകന്‍.അടുത്ത വർഷം ജനുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും. കളക്ഷനില്‍ വിജയ് 1000 കോടി തികയ്ക്കുമോ എന്ന ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ദ ഗോട്ട് ആഗോള തലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്.