
സമീപകാല മലയാള സിനിമയില്‍ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ് (Tovino Thomas). ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രവും പ്രേക്ഷകരില്‍ ഇതിനകം കൌതുകമുണര്‍ത്തിയിട്ടുള്ള ഒന്നാണ്. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് (Thallumaala) ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.
ALSO READ : മഴയിലും വീഴാതെ 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം തിങ്കളാഴ്ച നേടിയത്
ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാശിക്കു ശേഷം തിയറ്ററുകളിലെത്തുന്ന ടൊവിനോ ചിത്രമാണ് ഇത്. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍മെന്‍റ്.