
തിയറ്ററുകളില്‍ വന്‍ വിജയം നേടുന്ന തുടരും എന്ന ചിത്രത്തിന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി. തുടരുമില്‍ കോ ഡയറക്ടറും നടനുമായിരുന്ന ബിനു പപ്പുവിന്‍റെ രചനയിലാണ് തന്‍റെ അടുത്ത ചിത്രമെന്ന് തരുണ്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും താരനിരയും അടക്കമാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ടോര്‍പിഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. നസ്‍ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ബിനു പപ്പു രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സുഷിന്‍ ശ്യാം ആണ് സംഗീതം പകരുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് അമല്‍ സി സദര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. ഈ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായ തുടരും ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വമ്പന്‍ മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 6 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ഗ്രോസ് നേടിയിരുന്നു. തരുണിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇത്. അതേസമയം "ഓടും കുതിര ചാടും കുതിര" ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്.