
മലയാള സിനിമയിലും ഇപ്പോള്‍ ട്രെന്‍ഡ് ആണ് പഴയ ചിത്രങ്ങളുടെ റീമാസ്റ്റര്‍ പതിപ്പുകള്‍. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയത്. മമ്മൂട്ടിയുടെ ഹരിഹരന്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥ അത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെടാനിരിക്കുന്നു. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ റീമാസ്റ്റര്‍ പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലൂടെയല്ല, മറിച്ച് യുട്യൂബിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ താഴ്വാരം എന്ന ചിത്രമാണ് പുതിയ മിഴിവോടെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്‍റെയും വരാനിരിക്കുന്ന വടക്കന്‍ വീരഗാഥയുടെയുമൊക്കെ റീമാസ്റ്ററിംഗിന് ചുക്കാന്‍ പിടിച്ച മാറ്റിനി നൗ ആണ് താഴ്വാരം റീമാസ്റ്ററിംഗിന് പിന്നിലും. അവരുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്‍റെ 4കെ പതിപ്പ് എത്തിയിരിക്കുന്നത്.
എം ടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഗ്രഹ സിനി ആര്‍ട്സിന്‍റെ ബാനറില്‍ വി ബി കെ മേനോന്‍ ആയിരുന്ന നിര്‍മ്മാണം. റീ റിലീസ് ട്രെന്‍ഡ് ആയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്ക് റീമാസ്റ്റര്‍ ചെയ്ത് കാണാന്‍ ആഗ്രഹമുണ്ടെന്ന് സിനിമാപ്രേമികള്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ചിത്രമാണ് താഴ്വാരം. വെസ്റ്റേണ്‍ ത്രില്ലര്‍ ശൈലിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള അപൂര്‍വ്വ ചിത്രത്തില്‍ ചുരുക്കം കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. മോഹന്‍ലാലിനൊപ്പം സലിം ഘോഷ്, സുമലത, അഞ്ജു, ശങ്കരാടി, ബാലന്‍ കെ നായര്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സലിം ഘോഷിന്‍റെ ആദ്യ ചിത്രവുമായിരുന്നു ഇത്. എംടിയുടെ മികവുറ്റ രചനയും ഭരതന്‍റെ സംവിധാന മികവും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ മികവുറ്റ പ്രകടനങ്ങളാലും ശ്രദ്ധ നേടിയ ചിത്രം 4കെയില്‍ വീണ്ടും കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ