​ഗോള്‍ഡന്‍ ​ഗ്ലോബിലെ മികച്ച ചിത്രം; സ്പില്‍ബര്‍ഗിന്‍റെ 'ഫേബിള്‍മാന്‍സ്' ഇന്ത്യന്‍ റിലീസിന്

By Web TeamFirst Published Jan 13, 2023, 11:40 AM IST
Highlights

കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

അന്‍പത് വര്‍ഷം നീളുന്ന സിനിമാ ജീവിതത്തില്‍ എക്കാലവും വൈവിധ്യങ്ങള്‍ക്ക് ശ്രമിച്ചിട്ടുള്ള സംവിധായകനാണ് സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ദ് ഫേബിള്‍മാന്‍സ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നേടുന്ന പുരസ്കാരങ്ങളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 ന് ടൊറോന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ യുഎസ് റിലീസ് നവംബര്‍ 11 ന് ആയിരുന്നു. ഇത്തവണത്തെ ​ഗോള്‍ഡന്‍ ​ഗ്ലോബില്‍ അഞ്ച് നോമിനേഷനുകള്‍ നേടിയിരുന്ന ചിത്രത്തിന് രണ്ട് പ്രധാന പുരസ്കാരങ്ങളും ലഭിച്ചു. മികച്ച ചിത്രവും മികച്ച സംവിധായകനും. ​ഗോള്‍ഡന്‍ ​ഗ്ലോബ് നേട്ടത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ചിത്രം ഇന്ത്യയില്‍ റിലീസീന് ഒരുങ്ങുകയാണ്. ഫെബ്രുവരി 10 ന് ചിത്രം റിലീസ് ചെയ്യും.

കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദ് ഫേബിള്‍മാന്‍സ്. സ്പില്‍ബര്‍ഗിന്‍റെ തന്നെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ചുള്ള ആത്മകഥാംശമുള്ള ചിത്രത്തില്‍ ഗബ്രിയേല്‍ ലാബെല്‍ ആണ് കേന്ദ്ര കഥാപാത്രമായ സാമി ഫേബിള്‍മാനെ അവതരിപ്പിക്കുന്നത്. സിനിമകള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചയിലൂടെ തന്‍റെ കുടുംബത്തിലെ അന്തച്ഛിദ്രങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമൊക്കെ തിരിച്ചറിവ് നേടുന്നയാളാണ് സാമി ഫേബിള്‍മാന്‍. സ്പില്‍ബര്‍ഗിന്‍റെ കൌമാരകാലവും ഒരു സംവിധായകന്‍ എന്ന നിലയിലെ ആദ്യ വര്‍ഷങ്ങളുമൊക്കെയാണ് തിരക്കഥയ്ക്ക് പ്രചോദനം.

ALSO READ : 'നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്'; ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യമാണെന്ന് ശ്രീനിവാസന്‍

മൈക്കള്‍ വില്യംസ്, പോള്‍ ഡാനോ, സേത്ത് റോഗന്‍, ജൂലിയ ബട്ടേഴ്സ്, കീലി കാര്‍സ്റ്റന്‍, ജൂഡ് ഹിര്‍ഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പില്‍ബര്‍ഗിന്‍റെ ആംബ്ലിന്‍ എന്‍റര്‍ടെയ്ന്‍മെന്‍റും റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്സ്, മിയാമി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട് ചിത്രം.

click me!