Asianet News MalayalamAsianet News Malayalam

'നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്'; ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യമാണെന്ന് ശ്രീനിവാസന്‍

"വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്"

sreenivasan critizises state of democracy and current political scenario
Author
First Published Jan 12, 2023, 10:44 PM IST

ജനാധിപത്യത്തിന്‍റെ പേരില്‍ ഇവിടെ നടക്കുന്നത് തെമ്മാടിപധ്യമാണെന്ന് ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും അതിനെ താന്‍ തെമ്മാടിപധ്യമെന്നാണ് വിളിക്കുകയെന്നും ശ്രീനിവാസന്‍ പറഞ്ഞു. ലവ്‍ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. സിനിമയെക്കുറിച്ച് പറഞ്ഞിട്ട് തനിക്ക് മറ്റു ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍റെ അഭിപ്രായ പ്രകടനം.

ശ്രീനിവാസന്‍ പറഞ്ഞത്

ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ശരിക്കും. ഇവിടെ ഡെമോക്രസിയാണ് എന്നാണ് പറയുന്നത്. ജനാധിപത്യം. 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രീസിലാണത്രെ ജനാധിപത്യത്തിന്‍റെ ഒരു മാതൃക ആദ്യമായി ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അനുഭവത്തില്‍ നിന്നു പറഞ്ഞു. കഴിവുള്ളവരെയാണല്ലോ നിങ്ങള്‍ ഭരിക്കാനായി തെരഞ്ഞെടുക്കുന്നത്. ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടോ. അതാണ് ജനാധിപത്യത്തിന്‍റെ പ്രശ്നമെന്ന് അന്ത കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചയാളെ ചുട്ടുകൊന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ്. ഞാനിതിനെ ജനാധിപത്യം എന്നല്ല, തെമ്മാടിപധ്യം എന്നാണ് പറയുക. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത, കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു. അവര്‍ കട്ട് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി എടുത്ത് പറയുകയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്.

ALSO READ : 'വലിമൈ'യെ മറികടക്കാനായില്ല; അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആയി 'തുനിവ്'

Follow Us:
Download App:
  • android
  • ios