
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്‍ട സിനിമയാണ് ജെയിംസ് ബോണ്ട് പരമ്പരയിലുള്ളവ. ഡാനിയല്‍ ക്രേഗ് നായകനായി പുതിയ ജെയിംസ് ബോണ്ട് സിനിമ വരികയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് പുതിയ റിപ്പോര്‍ട്ട്.
സര്‍വീസിലുള്ള ജെയിംസ് ബോണ്ടല്ല പുതിയ സിനിമയിലുള്ളത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും ദൌത്യത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ടിന്റെ പ്രമേയം.
ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു.
മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി- ഡാനിയല്‍ ക്രേഗ് പറയുന്നു. ഡാനിയല്‍ ക്രേഗിന്റെ അവസാനത്തെ ജെയിംസ് ബോണ്ട് വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രദേശത്ത് വലിയ സുരക്ഷാവീഴ്‍ചയുണ്ടായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഭീകരാക്രമണ സംശയത്തിന്റെ പേരില്‍ പൊലീസ് എത്തി ആള്‍ക്കാരെ മാറ്റുകയും ചെയ്‍തു.
യുകെയിലെ ഓക്സ്ഫോർഡ്ഷയറിലെ റോയല്‍ എയര്‍ഫോഴ്‍സ് ഫോഴ്‍സിന്റെ ആസ്ഥാനത്തായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണത്തിനു ശേഷം ഒരു വാൻ അവിടെ നിന്ന് മാറ്റാതെയായിരുന്നു ചിത്രീകരണ സംഘം പോയിരുന്നത്. ഇതാണ് സംശയത്തിന് കാരണമായത്. സുരക്ഷാജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ വാനിന്റെ പാസ്സിന്റെ കാലാവധി കഴിഞ്ഞതായും കണ്ടെത്തി. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും സ്ഥലത്തെ ആള്‍ക്കാരെ നീക്കുകയും ചെയ്‍തു. ബോംബ് നിര്‍മാര്‍ജന യൂണിറ്റില്‍ നിന്നുള്ള നായ്‍ക്കളെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. പിന്നീടാണ് സംഭവം വ്യക്തമായത്. സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായുള്ള വാനാണ് എന്ന് വ്യക്തമായപ്പോഴാണ് ആശങ്ക നീങ്ങിയത്.
കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ