Latest Videos

'അനിമലി'ലെ മെഷീന്‍ ഗണ്‍ ഒറിജിനലോ വിഎഫ്എക്സോ? തുറന്നുപറഞ്ഞ് പ്രൊഡക്ഷന്‍ ഡിസൈനര്‍

By Web TeamFirst Published Dec 5, 2023, 2:12 PM IST
Highlights

വന്‍ വിജയമാണ് ചിത്രം ബോക്സ് ഓഫീസില്‍ നേടുന്നത്

ഇടക്കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡ് ട്രാക്കിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തിയിരിക്കുന്നു. ഷാരൂഖ് ഖാന്‍റെ പഠാന്‍, ജവാന്‍, സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 എന്നിവയ്ക്ക് ശേഷം രാജ്യമൊട്ടാകെയുള്ള തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിച്ചിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ, സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ കറക്റ്റ്നസിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോഴും ആക്ഷന്‍ സീക്വന്‍സുകളുടെയും പ്രകടനങ്ങളുടെയും പേരില്‍ കൈയടി നേടുന്നുണ്ട്. ചിത്രത്തില്‍ ഇടവേളയ്ക്ക് മുന്‍പുള്ള 18 മിനിറ്റ് ആക്ഷന്‍ സീക്വന്‍സില്‍ രണ്‍ബീര്‍ കപൂര്‍ ഭീമാകാരമായ ഒരു മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്നുണ്ട്. ചിത്രം കണ്ട പ്രേക്ഷകരില്‍ പലരും ഒരുപക്ഷേ ധരിച്ചിരിക്കാവുന്നത് അത് വിഎഫ്എക്സ് ആണെന്നാവും. എന്നാല്‍ അങ്ങനെയല്ല!

സിനിമയിലെ ഉപയോഗത്തിനായി ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുരേഷ് സെല്‍വരാജന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച സാധനമാണ് അത്. 500 കിലോ ഭാരം വരുന്ന ഈ യഥാര്‍ഥ മെഷീന്‍ ഗണ്‍ പൂര്‍ണ്ണമായും സ്റ്റീലിലാണ് പണിതീര്‍ത്തിരിക്കുന്നത്. ആകെ നാല് മാസമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്. ഈ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തെക്കുറിച്ച് അനിമലിന്‍റെ ചെന്നൈ പ്രൊമോഷന്‍റെ സമയത്ത് രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ഈ ഉപകരണം സുരേഷ് സെല്‍വരാജന്‍ ആദ്യം കൊണ്ടുവന്നപ്പോള്‍ തനിക്ക് വലിയ ആവേശം തോന്നിയെന്നും എന്നാല്‍ ചിത്രീകരണം അല്‍പം ബുദ്ധിമുട്ടുള്ളതായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ ശാരീരികമായി ഉണ്ടാവുന്ന ക്ഷീണവും പ്രത്യേകിച്ച് അമിത ശബ്ദം മൂലം ചെവിയ്ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് രണ്‍ബീര്‍ എടുത്തുപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ചിത്രീകരണത്തിനുവേണ്ടി ഇത്തരമൊരു പ്രോപ്പര്‍റ്റി സൃഷ്ടിച്ചെടുത്തത്.

 

അതേസമയം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ക്കുകയാണ് അനിമല്‍. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 425 കോടിയാണ് നേടിയിരിക്കുന്നത്. 

ALSO READ : വിറ്റത് വെറും 30 ടിക്കറ്റുകള്‍! 'സലാറു'മായി പോരിനില്ല; നിര്‍ണ്ണായക തീരുമാനം അറിയിച്ച് ഷാരൂഖ് ഖാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!