
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍(The Great Indian Kitchen). ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റീമേക്ക് ചെയ്യാനുള്ള റൈറ്റ്‌സ് ഹര്‍മാന്‍ ബാജ്‌വ സ്വന്തമാക്കിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഹര്‍മന്‍ ബജ്‌വയും വിക്കി ബാഹ്‌രിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2022 ന്റെ പകുതിയോടെ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാനായി രണ്ട് പ്രമുഖ താരങ്ങളെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.
'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കഴിഞ്ഞ വർഷം ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.
അതേസമയം, ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണം. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് 2019ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ