'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

By Web TeamFirst Published Feb 18, 2021, 12:15 PM IST
Highlights

തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക

ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ 'ബൂമറാംഗും' 'ബിസ്‍കോത്തു'മൊക്കെ ഒരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്. 

"ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടുമ്പോള്‍പ്പോലും നമ്മള്‍ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോള്‍", ആര്‍ കണ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

 

തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. തെന്നിന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടന്‍ നായകനും. താരനിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണന്‍ പറയുന്നു. പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍ ആണ് സംഭാഷണം ഒരുക്കുന്നത്.

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.

click me!