ജപ്പാനില്‍ തിയറ്റര്‍ റിലീസിന് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; റൈറ്റ്സ് വിറ്റു

By Nirmal SudhakaranFirst Published Jun 19, 2021, 5:54 PM IST
Highlights

റിലീസ് ജാപ്പനീസ് സബ് ടൈറ്റിലുകളോടെ

ഒടിടി റിലീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജപ്പാനില്‍ തിയറ്റര്‍ റിലീസ് ചെയ്യും. ജപ്പാനിലെ ചിത്രത്തിന്‍റെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റിലീസ് നീളുകയാണെന്നും നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ചിത്രം ആമസോണ്‍ പ്രൈമില്‍ വരുന്നതിനു മുന്‍പ്, നീസ്ട്രീമില്‍ റിലീസ് ചെയ്‍ത് ചര്‍ച്ചയായ സമയത്തുതന്നെ അന്തര്‍ദേശീയ അന്വേഷണങ്ങള്‍ വന്നിരുന്നുവെന്നും ജോമോന്‍ പറയുന്നു. "ജപ്പാനില്‍ നിന്നു തന്നെയുള്ള ചില ഫിലിം ഏജന്‍റ്സ് ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നുണ്ടായിരുന്നു. പ്രാദേശിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നവരെയൊക്കെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാവാം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സിനിമയെക്കുറിച്ച് റെഫറന്‍സ് കിട്ടുന്നത്. അങ്ങനെയൊരു റെഫറന്‍സ് വഴിയാണ് ഒരു ക്യുറേറ്റര്‍ വഴി ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഇതെല്ലാം പരസ്‍പരം കണക്റ്റഡ് ആണ്", ജോമോന്‍ പറയുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന, ചൈനയിലെ ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ 'സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' എന്ന വിഭാഗത്തിലാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജാപ്പനീസ് സബ് ടൈറ്റിലോടെയാവും ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുക. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. തിയറ്ററുകള്‍ തുറക്കുമ്പോഴേക്കും ഇക്കാര്യത്തില്‍ തീരുമാനമാവും. 

 

അതേസമയം നീസ്ട്രീം, ആമസോണ്‍ പ്രൈം എന്നിവ കൂടാതെ മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ക്കൂടി ചിത്രം നിലവില്‍ ലഭ്യമാണ്. സിനിമാപ്രനര്‍, ഫില്‍മി, ഗുഡ്ഷോ, സൈന പ്ലേ, ലൈംലൈറ്റ് മീഡിയ, കേവ്, റൂട്ട്സ് വീഡിയോ, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ബുക്ക് മൈ ഷോയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും വൈകാതെ ചിത്രം എത്തും. മറ്റു ചില പ്ലാറ്റ്‍ഫോമുകളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും നിര്‍മ്മാതാവ് പറയുന്നു. 

അതേസമയം പുതിയ ചിത്രങ്ങളുടെ ആലോചനയിലാണ് തങ്ങളെന്നും ജോമോന്‍ പറയുന്നു. "പുതിയ സിനിമകള്‍ ആലോചനയിലുണ്ട്. മാന്‍കൈന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ തന്നെയാണ് പ്ലാന്‍ ചെയ്‍തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ ഡേറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധിയുണ്ട്. കാരണം അവര്‍ക്കു തന്നെ അവരുടെ സിനിമകള്‍ എന്നു നടക്കും എന്നൊന്നും അറിയില്ല. ഒരു പ്രോജക്റ്റ് മനസിലുണ്ട്. അതിന്‍റെ പ്ലാനിംഗ് നടക്കുന്നുണ്ട്. നല്ല ഉള്ളടക്കമുള്ള സിനിമകളാണ് ലക്ഷ്യം. ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി എന്ന രീതിയില്‍ പ്ലാന്‍ ചെയ്‍തുകൊണ്ടല്ല പുതിയ സിനിമ. തിയറ്ററിലും ഒടിടിയിലും കാണിക്കാവുന്ന സിനിമ ആയിരിക്കും", നിര്‍മ്മാതാവ് പറഞ്ഞവസാനിപ്പിക്കുന്നു. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മട്രി സിനിമാസ്, സിനിമാ കുക്ക്സ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, വിഷ്‍ണു രാജന്‍, സജിന്‍ എസ് രാജ്, ജിയോ ബേബി, മാത്യൂസ് പുളിക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മിച്ചത്. 

click me!