
അരങ്ങേറ്റ സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ ഒരു അഭിനേതാവ് ട്രോള്‍ ചെയ്യപ്പെടുന്നത് ഇത് ആദ്യമായിരിക്കാം. അരുള്‍ ശരവണന്‍ (Arul Saravanan) നായകനാവുന്ന ദ് ലെജന്‍ഡ് (The Legend) എന്ന സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. എന്നാല്‍ തമിഴിനു പുറമെ ഹിന്ദി, മലയാളം അടക്കമുള്ള ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് അപ്രതീക്ഷിത പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ട്രോള്‍ മെറ്റീരിയല്‍ ആയേക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച എന്‍റര്‍ടെയ്‍നര്‍ ആണെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത്. ദ് ലെജന്‍ഡ് എന്ന ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്.
ചിത്രം സ്പൂഫ് രീതിയിലുള്ള ഒന്നാണെന്നും നന്നായി രസിപ്പിച്ചെന്നും ആദ്യ ഷോകള്‍ക്കു പിന്നാലെ ട്വിറ്ററില്‍ പലരും കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു മോശം ചിത്രമാണ് തങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അറിവുള്ളതിനാല്‍ അണിയറക്കാര്‍ അതിനെ പരമാവധി രസകരമായി അവതരിപ്പിച്ചുവെന്നാണ് മറ്റൊരു വിലയിരുത്തല്‍. തിയറ്ററുകളില്‍ നിന്നുള്ള ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കരഘോഷത്തോടെയാണ് തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതൊരു അജിത്ത് ചിത്രമോ വിജയ് ചിത്രമോ അല്ല എന്നാണ് ഒരു വീഡിയോയ്ക്കൊപ്പം ഒരു സിമ്പു ആരാധകര്‍ കുറിച്ചിരിക്കുന്നത്. അതേസമയം മൌത്ത് പബ്ലിസിറ്റി ലഭിച്ചു തുടങ്ങിയതോടെ ചിത്രത്തിന് മികച്ച വാരാന്ത്യ കളക്ഷന്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ലെജന്‍ഡ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. എഡിറ്റിംഗ് റൂബന്‍. ദ് ന്യൂ ലെജെന്‍ഡ് ശരവണ സ്റ്റോഴ്സ് ഉടമയാണ് അരുള്‍ ശരവണന്‍.
ALSO READ : ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ