
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ്' സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. കട്ടുകളൊന്നുമില്ലാതെ 'യു/എ' സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്‍റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍നിന്ന് എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് പ്രീസ്റ്റ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി നാലിനോ അഞ്ചിനോ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
അതേസമയം മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്താനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' ആണ് അത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടിയുടെ കഥാപാത്രം. കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തിയത് തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. ജയസൂര്യയുടെ വെള്ളം ആയിരുന്നു ആദ്യ മലയാളം റിലീസ്. ലവ്, വാങ്ക് എന്നീ രണ്ട് മലയാളം റിലീസുകള്‍ കൂടി ഈ വാരം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. അതേസമയം മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് തിയറ്റര്‍ ഉടമകള്‍. മാസ്റ്റര്‍ സൃഷ്ടിച്ച തരംഗം തുടരണമെങ്കില്‍ ഒരു സൂപ്പര്‍താര ചിത്രം തന്നെ വരണമെന്ന വിലയിരുത്തലിലാണ് ചലച്ചിത്ര വ്യവസായം.