Unni Mukundan Aparna Balamurali film Mindiyum Paranjum clocks 50 million streaming minutes online. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ഒടിടിയില്‍ വൻ ഹിറ്റ്.

ചില സിനിമകള്‍ അങ്ങനെയാണ്. തിയറ്ററില്‍ വൻ ഹിറ്റാകും. ഒടിടിയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങും. മറ്റ് ചിലത് തിയറ്ററില്‍ തകര്‍ന്നടിയും. ഒടിടിയില്‍ എത്തുന്നതോടെ അഭിപ്രായം മാറും. ഒടിടിയില്‍ വൻ ഹിറ്റായി മാറും. ആ കൂട്ടത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞുമിന്റെ സ്ഥാനം. ഒരാഴ്‍ചത്തെ കണക്കെടുക്കുമ്പോള്‍ 15 ലക്ഷം മാത്രമാണ് മിണ്ടിയും പറഞ്ഞും നേടിയതെന്ന് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒടിടിയില്‍ വേഗത്തില്‍ 50 മില്യണ്‍ മിനിറ്റ് സ്‍ട്രീമിംഗ് എന്ന റെക്കോര്‍ഡ് (സണ്‍ നെക്സ്റ്റിലെ റെക്കോര്‍ഡ്) ഇട്ടു എന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന സണ്‍ നെക്സ്റ്റിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം "മിണ്ടിയും പറഞ്ഞും" Sun NXT ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി ആറ് മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്. അരുൺ ബോസാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.

യുഎഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസ്സിൽ സഞ്ചരിക്കുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ കൊണ്ട് രണ്ടു കോണുകളിലായി പിരിഞ്ഞു താമസിക്കേണ്ടി വന്ന ആളുകൾക്ക് പെട്ടെന്ന് കണക്ട് ആകുന്ന നിരവധി നിമിഷങ്ങൾ ഈ ചിത്രത്തിലുണ്ട്.

ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകൻ അരുൺ ബോസ് തൻറെ ട്രേഡ് മാർക്ക് ആയ കഥ പറച്ചിൽ രീതിയിൽ ഇമോഷണൽ ഡീറ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തും പ്രകടനങ്ങൾക്ക് ഒരുപാട് സാധ്യത നൽകിയും ആണ് കഥ ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക