
കറുപ്പിന് ഏഴഴക് എന്നാണ് പ്രമാണം. പക്ഷേ നമ്മുടെ നാട്ടിൽ ഇത് അധികമാരും കേട്ടിട്ടില്ലെന്നാണ് കുരുവി എന്ന് വിളിപ്പേരുള്ള തൻഹ പറയുന്നത്. സ്വന്തം അനുഭവം തന്നെയാണ് തൻഹയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതും. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ കാരണം എല്ലാത്തിൽ നിന്നും പിൻവലിഞ്ഞു നിന്ന ഈ കൊച്ചുമിടുക്കി ഇന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അതിന് കാരണം ആകട്ടെ 'കുരുവിപ്പാപ്പ' എന്ന ചിത്രവും.
കളമശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തൻഹ. ബഷീറിന്റെയും ജാസ്മിന്റെയും രണ്ടാമത്തെ മകളാണ് ഈ മിടുക്കി. കുട്ടിക്കാലത്ത് പലപ്പോഴും നിറത്തിന്റെ പേരിൽ വലിയ തോതിലുള്ള അവഹേളനങ്ങൾ തൻഹയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. "നിറമില്ലെങ്കിൽ ഒന്നിനും കൊള്ളില്ല. അതാണ് ഞാൻ ചെറുപ്പം മുതൽ കേട്ടുകൊണ്ടിരുന്നത്. പുറത്തിറങ്ങാൻ പാടില്ല. നിറം പോകും എന്നൊക്കെ പറയുമായിരുന്നു", എന്നാണ് തൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നത്.
മകളിൽ തന്റെ തന്നെ ബാല്യം കണ്ട് ഞെട്ടിയ ജാസ്മിന് പഴയ കഥ ആവർത്തിക്കാൻ താത്പര്യമുണ്ടായില്ല. നൃത്തമത്സരങ്ങൾക്കും കലാപരിപാടികൾക്കുമെല്ലാം മകളെ ചേർത്തു. എല്ലാത്തിനും കുരുവിക്കൊപ്പം കൂട്ടായി ബഷീറും കൂടെക്കൂടി. പതിയെ പതിയെ അവളിലെ മാറ്റം കണ്ട ഇരുവർക്കും തോന്നി ഇക്കഥ കൊണ്ട് വേറെ പലർക്കും പ്രചോദമാകുമല്ലോ എന്ന്. അങ്ങനെയാണ് സിനിമ എന്ന ആശയത്തിലെത്തിലേക്ക് എത്തുന്നത്.
'ഇത് സിനിമ ആക്കാൻ വേണ്ടി ഞങ്ങൾ രണ്ടുപേരും ഒരുപാട് ശ്രമിച്ചു. ഒരുകുട്ടിയ്ക്ക് പോലും ഇങ്ങനത്തെ ഒരു അനുഭവം ഉണ്ടാകാൻ പാടില്ല. ഒരാളെങ്കിലും ഈ സിനിമ കണ്ടിട്ട് മാറി ചിന്തിക്കുകയാണെങ്കിൽ നല്ല കാര്യമാണ്. കളിയാക്കുന്നവൻ ചിന്തിക്കണം ഇനി കളിയാക്കണ്ടെന്ന്. കളിയാക്കപ്പെട്ടവൻ ചിന്തിക്കണം കളിയാക്കലുകൾ നടക്കട്ടെ ഞാൻ എന്റെ കാര്യം നോക്കി പോകാമെന്ന്', എന്നാണ് ബഷീർ പറയുന്നത്.
പിള്ളേർക്കൊപ്പം കസറി 'കൊടുമൻ പോറ്റി', 50കോടിക്ക് ഏതാനും സംഖ്യകൾ കൂടി! 'ഭ്രമയുഗം' നേടിയത് എത്ര ?
കുരുവിപാപ്പ എന്ന സിനിമയിൽ തൻഹയുടെ അച്ഛനും അമ്മയുമാകുന്നത് വിനീതും മുക്തയും ആണ്. വിപിൻ മോഹൻ ആണ് ക്യാമറ ചെയ്യുന്നത്. ബഷീറിനൊപ്പം സുഹൃത്തുക്കളായ ഖാലിദും റഹീമും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മകളുടെ കഥക്ക് സിനിമാരൂപം നൽകിയത് ജാസ്മിൻ ആണ്. ഒപ്പം ബിസ്മിത്തും ഉണ്ട്. ജോഷി ജോൺ ആണ് സംവിധാനം. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത് വെറും സിനിമയല്ല. ഒരു പെൺകുട്ടിയുടെ ജീവിതമാണ്. അവളുടെ കുടുംബത്തിന്റെ സ്വപ്നമാണ് ചിത്രം പറയുന്നത്.