ദുല്‍ഖര്‍ ഇന്ത്യന്‍ ജേഴ്‌സിയണിയുക വേള്‍ഡ് കപ്പിന് ശേഷം; 'സോയ ഫാക്ടര്‍' റിലീസ് തീയ്യതി

By Web TeamFirst Published May 26, 2019, 3:44 PM IST
Highlights

നായികയെ അവതരിപ്പിക്കുന്ന സോനം കപൂര്‍ തന്നെയാണ് നിര്‍മ്മാണവും. അനുജ ചൗഹാന്‍ 2008ല്‍ എഴുതിയ 'സോയ ഫാക്ടര്‍' എന്ന നോവലിനെ അധികരിച്ചാണ് സിനിമ. 

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റെ ഒരു മലയാളചിത്രം കഴിഞ്ഞ മാസം തീയേറ്ററുകളിലെത്തിയത്. ബി സി നൗഫല്‍ സംവിധാനം ചെയ്ത 'ഒരു യമണ്ടന്‍ പ്രേമകഥ'. എന്നാല്‍ ദുല്‍ഖറിന്റേതായി നിലവില്‍ ചിത്രീകരണ ഘട്ടത്തിലും പോസ്റ്റ് പ്രൊഡക്ഷനിലുമുള്ള മൂന്ന് ചിത്രങ്ങള്‍ മറുഭാഷകളിലാണ്. തമിഴില്‍ രണ്ട് ചിത്രങ്ങളും ബോളിവുഡില്‍ ഒരു ചിത്രവുമാണ് ദുല്‍ഖറിന്റേതായി ഇനി വരാനുള്ളത്. ദേസിംഗ് പെരിയസാമിയുടെ 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍', രാ കാര്‍ത്തികിന്റെ 'വാന്‍' എന്നിവ തമിഴിലും അഭിഷേക് ശര്‍മയുടെ 'ദി സോയ ഫാക്ടര്‍' ബോളിവുഡിലും. എന്നാല്‍ ആദ്യം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത് സോയ ഫാക്ടറിന്റേതാണ്.

വരുന്ന സെപ്റ്റംബര്‍ 20നാണ് ദുല്‍ഖര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററുകളിലെത്തുക. നായികയെ അവതരിപ്പിക്കുന്ന സോനം കപൂര്‍ തന്നെയാണ് നിര്‍മ്മാണവും. അനുജ ചൗഹാന്‍ 2008ല്‍ എഴുതിയ 'സോയ ഫാക്ടര്‍' എന്ന നോവലിനെ അധികരിച്ചാണ് സിനിമ. 

ഒരു പരസ്യക്കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്‍ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര്‍ എന്ന നോവലിന്റെ പ്രമേയം. പരസ്യമേഖലയില്‍ത്തന്നെ ജോലി ചെയ്തിരുന്ന അനുജ ഹൗഹാന്‍ സ്വന്തം അനുഭവങ്ങളുടെകൂടി പ്രചോദനത്തിലാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ റോളിലാണ് ദുല്‍ഖര്‍ സിനിമയില്‍.

click me!