
റിമ കല്ലിങ്കൽ നായികയായും സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്നു. അടുത്തടുത്ത ദിവസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന രണ്ട് പ്രധാന ചലച്ചിത്രമേളകളിൽ ചിത്രം നാല് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ്ണ ഘോഷിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 27 മുതൽ 30 വരെ കൊൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരവും, ഛായാഗ്രഹണത്തിന് ശ്യാമപ്രകാശ് എം. എസ്. മികച്ച ക്യാമറമാനുള്ള പുരസ്കാരവും നേടി.
അതേസമയം, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ Ministry of Culture of the Russian Federation, The Government of Saint Petersburg, Lenfilm Film Studio എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് 27 മുതൽ 31 വരെ നടന്ന Big City Light International Film Festival-ലും ചിത്രം പുരസ്കാര നേട്ടം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മത്സരിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബു നേടി. റഷ്യൻ ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും എഴുത്തുകാരനുമായ ആൻഡ്രെയ് ക്രവ്ചുക് (Andrey Kravchuk) ആയിരുന്നു ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി ചെയർമാൻ. The Italian (2005), Admiral (2008), Union of Salvation (2019) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. റഷ്യൻ DOP ഇല്യാ ഡ്യൂമിൻ (Ilia Dyumin), ജനപ്രിയ നടൻ യൂറിയ ഗൽത്സേവ് (Yuriy Galtsev), ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ ഹെഡുമായ പാൻ യിൻലൈ (Pan Yinlai) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
കഴിഞ്ഞ മാസം റഷ്യയിലെ Paxos-ൽ നടന്ന Western Gate Film Festival-ലും ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ പുരസ്കാരം നേടിയിരുന്നു.
കൽക്കത്തയിലെ ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു ‘തിയേറ്റർ’. സെന്റ് പീറ്റേഴ്സ്ബർഗിലെ ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയിൽ നിന്ന് മത്സരിച്ച ഏക ചിത്രമെന്ന നേട്ടം ചിത്രത്തിനുണ്ടായിരുന്നു.
ഋതുരംഗം ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര നിർണയ ജൂറിയിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റിയിലെ അംഗവുമായ ശ്രീലേഖ മുഖർജി ചെയർപേഴ്സണായിരുന്നു. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ ഫിലിം മേക്കർ ശർമിഷ്ഠ മൈതി, രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, ഇൻഡിപെൻഡന്റ് ഡയറക്ടറും സ്കോളറുമായ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന അംഗീകാരങ്ങളിലൂടെ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മലയാള സിനിമയുടെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ