ഇതാണ് വാരിയംകുന്നന്‍റെ യഥാര്‍ഥ ചിത്രം; റമീസ് മുഹമ്മദിന്‍റെ പുസ്‍തകം പ്രകാശനം ചെയ്‍തു

By Web TeamFirst Published Oct 29, 2021, 7:58 PM IST
Highlights

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് താനടങ്ങുന്ന റിസര്‍ച്ച് ടീമെന്ന് റമീസ് നേരത്തെ പറഞ്ഞിരുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ (variyamkunnath kunjahammed haji) യഥാര്‍ഥ ചിത്രം കവര്‍ ചിത്രമാക്കി പുസ്‍തകം. നേരത്തെ ആഷിക് അബു പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' എന്ന സിനിമയുടെ സഹ രചയിതാക്കളില്‍ ഒരാള്‍ കൂടിയായിരുന്ന റമീസ് മുഹമ്മദ് ഒ (Ramees Mohamed O) ആണ് ഈ പുസ്‍തകവും രചിച്ചിരിക്കുന്നത്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‍മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വാരിയംകുന്നന്‍റെ കൊച്ചുമകള്‍ ഹാജറയാണ് പുസ്‍തകം പ്രകാശനം ചെയ്‍തത്. 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്നാണ് ജീവചരിത്ര പുസ്‍തകത്തിന്‍റെ പേര്. 

'ഹാജറയുടെ കണ്ണീർ മുഴുവൻ പേരിലും പടർന്നുപന്തലിച്ചു'; വാരിയംകുന്നന്റെ കൊച്ചുമകളെ കുറിച്ച് തിരക്കഥാകൃത്ത്

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് താനടങ്ങുന്ന റിസര്‍ച്ച് ടീമെന്ന് റമീസ് നേരത്തെ പറഞ്ഞിരുന്നു. "ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും."

റമീസിന്‍റെ വാക്കുകള്‍

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതു പോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്‍റെ നേർചിത്രങ്ങളാണ്.

 

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.

'വാരിയംകുന്നന്‍' എന്തുകൊണ്ട് സംഭവിച്ചില്ല? പൃഥ്വിരാജിന്‍റെ പ്രതികരണം

അതേസമയം വാരിയംകുന്നന്‍റെ ജീവിതം പറയുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് ആഷിക് അബു പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നാലെ പിന്നാലെ നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് വിശദീകരണവുമായി എത്തിയിരുന്നു. ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നുവെന്നും എന്നാല്‍ സിനിമയുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്‍റെ സംവിധായകനെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് അറിയിച്ചിരുന്നു.

click me!