ജാമ്യത്തിന്റെ പകർപ്പ് സമയത്ത് എത്തിക്കാനായില്ല; ആര്യൻ ഖാന്റെ ജയിൽ മോചനം ഇന്നില്ല

By Web TeamFirst Published Oct 29, 2021, 6:20 PM IST
Highlights

ജാമ്യത്തിന് പകർപ്പ് കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല. കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും  ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു.

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (drug party case) ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻറെ (aryan khan) ജയിൽമോചനം നാളെ. ജാമ്യത്തിന് പകർപ്പ് കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ (arthur road prison)എത്തിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല. കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും  ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽമോചനം ഒരു ദിവസം വൈകിയത്.

അര്യനു വേണ്ടി നടി ജൂഹി ചൗള ആൾജാമ്യം നിന്നു . 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.  കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല.  മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയും ജാമ്യവ്യവസ്ഥകൾ ഉണ്ട്.  ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം. 23 ദിവസം ആര്യൻ ആർതർ റോഡ് ജയിലിൽ ആയിരുന്നു.

Read Also: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്

23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അർബാസ് മർച്ചന്‍റിനെ അച്ഛൻ അസ്ലം മർച്ചന്‍റ് ജയിലിലെത്തി കണ്ടു. 

Read Also: ആഡംബര കപ്പലിലെ ലഹരിവേട്ട; ഫാഷന്‍ ടിവി ഇന്ത്യ തലവനെ ചോദ്യം ചെയ്യും, സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

click me!