ഞെട്ടിപ്പിക്കുന്നത്, പൊലീസുകാര്‍ ശിക്ഷിക്കപ്പെണമെന്ന് രജനീകാന്ത്, കസ്റ്റഡിമരണത്തിൽ അന്വേഷണം തുടങ്ങി

By Web TeamFirst Published Jul 1, 2020, 1:43 PM IST
Highlights

ജുഡീഷ്യൽ കമ്മീഷനെതിരായ പൊലീസിന്‍റെ നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണം

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത്. ജുഡീഷ്യൽ കമ്മീഷനെതിരായ പൊലീസിന്‍റെ നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്.

അതിനിടെ കേസില്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിന്‍റെ പ്രഥമിക രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. സാത്താൻ കുളം സ്റ്റേഷനിലെത്തി അന്വേഷണ സംഘം പരിശോധന നടത്തി. വനിതാ കോൺസ്റ്റബിളിന്‍റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും  മൊഴി രേഖപ്പെടുത്തി. 

തടിവ്യാപാരിയായ ജയരാജനെയും മകന്‍ ബനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.  സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

click me!